ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിച്ചുപണിക്കൊരുങ്ങുന്ന കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപി എത്തിയേക്കും. കേരളത്തില്‍ പര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സുരേഷ് ഗോപിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മന്ത്രസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. മെട്രോമാന്‍ ഇ.ശ്രീധരനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിക്ക് പാര്‍ട്ടി ചുമതല ലഭിക്കും.
കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ നിന്നാണ് മത്സരിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ തന്നെയാകും സുരേഷ് ഗോപി മത്സരിക്കുക.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് കേന്ദ്ര മന്ത്രിസഭയിലും ബിജെപി നേതൃത്വത്തിലും അഴിച്ചുപണിക്കൊരുങ്ങുന്നത്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകുന്നേരം ചേരും. കാബിനറ്റ് അംഗങ്ങളെക്കൂടാതെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും സഹമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ തലത്തില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരെയും നാല് സെക്രട്ടറിമാരെയും പുതിയതായി ഉള്‍പ്പെടുത്തും. മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, യുപി സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകും.
രാജ്യത്തെ വടക്ക്, കിഴക്ക്, തെക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം വിപുലമാക്കുന്നതിനും തീരുമാനമായി. ഒരോ മേഖലയില്‍ നിന്നുള്ള നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും. അടുത്ത മാസം ആറിനാണ് കിഴക്കന്‍ മേഖലയുടെയും ഏഴിന് ഡല്‍ഹിയില്‍ വടക്കന്‍ മേഖലയുടെയും എട്ടിന് ഹൈദരാബാദില്‍ തെക്കന്‍ മേഖലയുടെയും യോഗങ്ങള്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.