നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഒറിയോണ്‍ ഉടമ അറസ്റ്റില്‍; പിടികൂടിയത് കൊച്ചിയില്‍ നിന്ന്

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ ഒറിയോണ്‍ ഉടമ അറസ്റ്റില്‍; പിടികൂടിയത് കൊച്ചിയില്‍ നിന്ന്

കൊച്ചി: മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ കൊച്ചിയിലെ ഏജന്‍സി ഉടമ പിടിയില്‍. ഒറിയോണ്‍ എജ്യു വിങ്‌സ് ഉടമ സജു എസ്.ശശിധരനാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പാലാരിവട്ടത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് സജു.

മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ നിഖിലിന് വ്യാജമായി നിര്‍മിച്ച് നല്‍കിയത്. ഈ രേഖകള്‍ സമര്‍പ്പിച്ചാണ് നിഖില്‍ കായംകുളം എം.എസ്.എം കോളജില്‍ തുടര്‍ പഠനത്തിന് പ്രവേശനം നേടിയത്.

കേസില്‍ രണ്ടാം പ്രതി അബിന്‍ സി.രാജ് രണ്ട് ലക്ഷം രൂപ വാങ്ങിയാണ് നിഖില്‍ തോമസിന് ഒറിയോണ്‍ ഏജന്‍സി വഴി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. പാലാരിവട്ടം, കലൂര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ സ്ഥാപനം നടത്തിയിരുന്ന സജു ശശിധരനെതിരെ കൊച്ചിയില്‍ 15 കേസുകള്‍ നിലവിലുണ്ട്.

മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് 40 പേരില്‍ നിന്നായി ഒരു ലക്ഷം വീതം തട്ടിയെടുത്തുവെന്ന കേസില്‍ ഇയാളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്ന് കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള ഡിജിറ്റല്‍ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കോളജ് കവാടത്തില്‍ വച്ച് കണ്ടുമുട്ടിയ എജന്റ് മുഖേനയാണ് ഓറിയോണ്‍ ഏജന്‍സിയെ സമീപിച്ചതെന്നാണ് അബിന്‍ വെളിപ്പെടുത്തിയിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഓറിയോണില്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്. കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.