എറണാകുളം: മണിപ്പൂരിൽ ക്രൈസ്തവ സഹോദരങ്ങൾക്കെതിരെ നടമാടുന്ന സംഘടിത അക്രമങ്ങൾ തികച്ചും വേദനാജനകമാണ്. തുടരെ തുടരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു നാടിന്റെ സമാധാനാന്തരീക്ഷം തന്നെ തകർത്തു കൊണ്ടിരിക്കുകയാണ്. കലാപം തടയുന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുടരുന്ന മെല്ലെപ്പോക്ക് നയം തീർച്ചയായും അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ രാഷ്ട്രപതിക്ക് തപാൽ വഴിയായി നിവേദനം സമർപ്പിക്കും.
മണിപ്പൂരിൽ ക്രൈസ്തവ ജനതക്ക് എതിരെ നടക്കുന്ന ചേരിതിരിഞ്ഞ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും ദുരിത ബാധിതരായ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രതിഷേധജ്വാല സംഘടിപ്പിക്കും. മണിപ്പൂരിൽ നടക്കുന്ന അക്രമസംഭവങ്ങൾ മനുഷ്യാവകാശങ്ങൾക്കെതിരെയുള്ള പരസ്യമായ ലംഘനമാണെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ.റെജി അധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. റോസ്മെറിൻ എസ്.ഡി., വൈസ് പ്രസിഡന്റുമാരായ ഗ്രാലിയ അന്ന അലക്സ്, ലിബിൻ മുരിങ്ങലത്ത്, ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ, സെക്രട്ടറിമാരായ മറിയം ടി. തോമസ്, അനു ഫ്രാൻസിസ്, ഫെബിന ഫെലിക്സ്, ഷിബിൻ ഷാജി, ട്രഷറർ ഫ്രാൻസിസ് എസ്. എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26