പീഡനങ്ങൾക്കോ ഭീഷണികൾക്കോ യഥാർത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാൻ സാധിക്കില്ല: മാർ ജോർജ് ആലഞ്ചേരി

പീഡനങ്ങൾക്കോ ഭീഷണികൾക്കോ യഥാർത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാൻ സാധിക്കില്ല: മാർ ജോർജ് ആലഞ്ചേരി

കൊച്ചി: പീഡനങ്ങൾക്കോ ഭീഷണികൾക്കോ ഒരു യഥാർത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്ന് സീറോ മലബാർ സഭ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദുക്റാന തിരുനാളിനോടനുബന്ധിച്ച് വിശ്വാസികൾക്കായെഴുതിയ ഇടയ ലേഖനത്തിലാണ് സഭ നേരിടുന്ന പ്രതിസന്ധികൾക്കെതിരെ മാർ ജോർജ് ആലഞ്ചേരി ശക്തമായി പ്രതികരിച്ചത്.

ഇടയലേഖനത്തിന്റെ പൂർണ്ണരൂപം

സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.

കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,
നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ ദുക്റാനതിരുനാൾ സഭാദിനമായി മുൻ വർഷങ്ങളിലേതുപോലെതന്നെ ഈ വർഷവും നമ്മൾ ആചരിക്കുകയാണല്ലോ. 'എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന മാർതോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനവും തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണയാത്രയും താൻ പ്രഘോഷിച്ച വിശ്വാസത്തിനു സാക്ഷ്യംനല്കികൊണ്ടു വരിച്ച രക്തസാക്ഷിത്വവുമാണ് നമ്മുടെ സഭയുടെയും നാമോരോരുത്തരുടെയും വിശ്വാസം പണിതുയർത്തിയിരിക്കുന്ന മൂലക്കല്ല്.

രക്ഷാകര സന്ദേശം ഭാരതത്തിൽ എത്തിക്കാൻ മാർതോമാശ്ലീഹായെ നിയോഗിച്ച ദൈവപരിപാലനയ്ക്കു നന്ദിപറയാനും ശ്ലീഹായുടെ ജീവിതസാക്ഷ്യത്തിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടു ഇന്നത്തെ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖീകരിക്കാനുള്ള വിശ്വാസതീക്ഷ്ണതയ്ക്കുവേണ്ടി പ്രാർഥിക്കാനും ഈ വർഷത്തെ തിരുനാളാഘോഷം ഇടവരുത്തട്ടെ. അതിനുതകുന്ന ഏതാനും കാര്യങ്ങൾ ഈ ഇടയലേഖനത്തിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

ക്രിസ്തു വർഷം 72-ൽ മദ്രാസിലെ ചിന്നമലയിൽ മാർതോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ 1950-ാം വാർഷികാചരണമായിരുന്നു കഴിഞ്ഞ വർഷത്തെ ദുക്റാന തിരുനാളിന്റെ മുഖ്യപ്രമേയം. സഭയുടെ വിവിധതലങ്ങളിൽ അതു നമ്മൾ ആഘോഷിച്ചു. സീറോമലബാർഹയരാർക്കി 1923-ൽ സ്ഥാപിതമായതിന്റെ ശതാബ്ദിവർഷമെന്ന പ്രത്യേകതയാണ് ഇൗ വർഷത്തെ ആഘോഷങ്ങൾക്കുള്ളത്. മാർതോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്താൽ ആരംഭിച്ച ഈ സഭ ആദ്യനൂറ്റാണ്ടുകളിൽ തദേശീയമായ സംവിധാനങ്ങളിലൂടെ വളർച്ചയാരംഭിക്കുകയും പേർഷ്യൻ സഭയുമായുള്ള ബന്ധത്തിലൂടെ ആരാധനക്രമപരവും ഘടനാപരവുമായ വളർച്ച നേടുകയും ചെയ്തു.

പതിനാറാം നൂറ്റാണ്ടിൽ ലത്തീൻഭരണസംവിധാനത്തിലായ നമ്മുടെ സഭ, ഉദയംപേരൂർ സൂനഹദോസിലൂടെയുണ്ടായ പ്രതിസന്ധിവഴി കൂനൻകുരിശുസത്യത്തിലേക്കു നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലും പരിശുദ്ധ സിംഹാസനത്തോടൊപ്പം നില്ക്കാൻ നമുക്കു കഴിഞ്ഞു. 1887-ൽ ഭാഗ്യ സ്മരണാർഹനായ ലെയോ പതിമൂന്നാമൻ മാർപാപ്പയാണ് സുറിയാനി കത്തോലിക്കരെ ലത്തീൻസഭയിൽനിന്നു വേർതിരിച്ചുകൊണ്ടു സീറോമലബാർ വിശ്വാസികൾക്കുവേണ്ടി തൃശൂർ, കോട്ടയം എന്നീ വികാരിയാത്തുകൾ സ്ഥാപിച്ചത്. 1896-ൽ കോട്ടയം, തൃശൂർ വികാരിയാത്തുകളിൽനിന്നു എറണാകുളം വികാരിയാത്തു സ്ഥാപിതമാകുകയും കോട്ടയം വികാരിയാത്തു ചങ്ങനാശ്ശേരി എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

തൃശൂർ, ചങ്ങനാശ്ശേരി, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകളിലും തദ്ദേശീയമെത്രാന്മാരെ നിയമിക്കുകയുംചെയ്തു. 1911-ൽ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്തു സ്ഥാപിതമായി. ഈ ഹയരാർക്കിക്കൽ സംവിധാനങ്ങളുടെ പൂർത്തീകരണമായി 1923 ഡിസംബർ 21-ന് പതിനൊന്നാം പിയൂസ് മാർപാപ്പ എറണാകുളം വികാരിയാത്തിനെ അതിരൂപതയായും തൃശ്ശൂർ, ചങ്ങനാശ്ശേരി, കോട്ടയം വികാരിയാത്തുകളെ സാമന്തരൂപതകളായും നിശ്ചയിച്ചുകൊണ്ടു സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചു. നമ്മുടെ സഭയുടെ വളർച്ചയിൽ നാഴികക്കല്ലായി മാറിയ ഈ ചരിത്രസംഭവത്തിന്റെ ശതാബ്ദിയാണ് ഈ വർഷം നമ്മളാചരിക്കുന്നത്.


പിന്നീടുള്ള വർഷങ്ങളിൽ നമ്മുടെ സഭയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നടപടികൾ പരി. സിംഹാസനം സ്വീകരിച്ചു. 1956-ൽ ചങ്ങനാശ്ശേരി അതിരൂപതയായി ഉയർത്തപ്പെട്ടു. കേരളത്തിലും കേരളത്തിനുപുറത്തും പുതിയ രൂപതകൾ സ്ഥാപിതമായി. 1990-ൽ പ്രാബല്യത്തിൽവന്ന പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് 1992 ഡിസംബർ 16-ാം തീയതി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സീറോമലബാർസഭയെ മേജർആർക്കിഎപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയും കർദിനാൾ മാർ ആന്റണി പടിയറ പിതാവിനെ ആദ്യത്തെ മേജർ ആർച്ചുബിഷപ്പായി നിയമിക്കുകയും ചെയ്തു. പിന്നീട് 1995-ൽ തൃശ്ശൂർ, തലശ്ശേരി രൂപതകൾ അതിരൂപതകളായി ഉയർത്തപ്പെട്ടു.

ഭാരതത്തിലും ഭാരതത്തിനു പുറത്തും പുതിയ രൂപതകൾ സ്ഥാപിതമായി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ 2017 ഒക്ടോബർ 10-ന് സീറോമലബാർസഭയുടെ അതിർത്തി ഭാരതംമുഴുവനിലേക്കും വ്യാപിപ്പിക്കുകയും അജപാലനത്തിനും സുവിശേഷവത്ക്കരണത്തിനുമായുള്ള അവകാശം സഭയ്ക്കു നല്കുകയും ചെയ്തത് സഭാചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവമാണ്. 1923-ൽ നിന്നു 2023-ലേക്കുള്ള വളർച്ചയുടെ ഫലമായി സീറോമലബാർ സഭയ്ക്കു ഭാരതത്തിൽ 31 രൂപതകളും ഭാരതത്തിനു പുറത്ത് 4 രൂപതകളും ഒരു അപ്പസ്തോലിക് വിസിറ്റേഷനും ഉൾപ്പെടെ സഭാസംവിധാനങ്ങളുടെ വിപുലീകരണത്തിലും ഇതരമേഖലകളിലും നിർണായകമായ വളർച്ചനേടാൻ സാധിച്ചുവെന്നതിൽ നമുക്കു ദൈവത്തിനു നന്ദിപറയാം.

സഭയുടെ ഹയരാർക്കിക്കൽ വളർച്ചയ്ക്കൊത്തു ആത്മീയതയിലും കൂട്ടായ്മയിലുമുള്ള വളർച്ചയും ഈ കാലയളവിൽ നേടാൻ സാധിച്ചിട്ടുണ്ട് എന്നതു യാഥാർത്ഥ്യമാണ്. മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണു നമ്മുടെ സഭയ്ക്കു കൈവന്നിരിക്കുന്ന വളർച്ച. 2023 ജൂൺമാസം കൂടിയ മെത്രാൻസിനഡിൽ കൈക്കൊണ്ട തീരുമാനങ്ങൾ സഭയുടെ വളർച്ചയ്ക്കു പുതിയ ദിശാബോധം നല്കുന്നതിനും പ്രേഷിതമേഖലകളെ ശക്തിപ്പെടുത്തുന്നതിനും വിവിധ സഭാശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനും ഉപകരിക്കുന്നവയാണ്. ഈ ലക്ഷ്യത്തോടെയുള്ള സിനഡുതീരുമാനങ്ങൾ പരി.സിംഹാസനത്തിന്റെ അംഗീകാരത്തോടെ നടപ്പിൽ വരുമ്പോൾ നമ്മുടെ സഭയുടെ ചരിത്രം പുതിയ ഘട്ടത്തിലേയ്ക്കു പ്രവേശിക്കും. ദൈവപരിപാലനയിൽ ആശ്രയമർപ്പിച്ചുകൊണ്ടും നമ്മുടെ വിശ്വാസപാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടും പൗരസ്ത്യസഭയുടേതായ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും നമുക്ക് ഒരുമിച്ചു മുന്നേറാം.

സാർവത്രികസഭയുടെ കൂട്ടായ്മയിൽ ഒരു വ്യക്തിസഭയായി നാം വളരുമ്പോൾ പരിശുദ്ധ പിതാവിനോടു ചേർന്നു വൈദികമേലധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അല്മായരും വിധേയത്വത്തോടെയും സഹകരണ മനോഭാവത്തോടെയും വർത്തിക്കണം. നമ്മുടെ സഭയിൽ സിനഡാത്മകത (synodality) എല്ലാതലങ്ങളിലും പ്രായോഗികമാക്കാൻ എല്ലാവരും പരിശ്രമിക്കണം. 'ഒന്നിച്ചു നടക്കുക’ എന്നതുകൊണ്ടു പരിശുദ്ധ പിതാവ് ഉദ്ദേശിക്കുന്നത് ഒന്നിച്ചു ചിന്തിക്കുകയും ഒന്നിച്ചു സംവദിക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. ദൈവത്തിന്റെ കൃപയാലും സഭാമക്കളുടെ സ്നേഹത്താലും സഹകരണത്താലും നമ്മുടെ സഭാകൂട്ടായ്മയെ ശക്തിപ്പെടുത്താൻ നമുക്കു പരിശ്രമിക്കാം.

ഈ പശ്ചാത്തലത്തിൽ ഒരു പ്രത്യേകകാര്യം എടുത്തുപറയാൻ ആഗ്രഹിക്കുന്നു. സീറോമലബാർസഭ കേരളത്തിൽനിന്നു ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഭാരതത്തിൽനിന്നു ലോകത്തിന്റെ വിവിധരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽനിന്നു സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനും ജോലിക്കുംവേണ്ടി വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ പിന്നീടു അവിടങ്ങളിൽ സ്ഥിരതാമസക്കാരായി മാറുകയുംചെയ്യുന്നു. ഈ കുടുംബങ്ങൾക്കും വ്യക്തികൾക്കും അജപാലനശുശ്രൂഷ നല്കുന്നതിനായാണ് അമേരിക്കയിലും കാനഡയിലും ഗ്രേറ്റ്ബിട്ടനിലും ഓസ്ട്രേലിയയിലും സീറോമലബാർ രൂപതകളും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേഷനും സ്ഥാപിതമായിരിക്കുന്നത്.

മാതൃ സഭയിൽനിന്നു വിദേശരാജ്യങ്ങളിൽ എത്തിച്ചേരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അജപാലനപരമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും സഭാകൂട്ടായ്മയിൽ അവരെ ചേർത്തുനിറുത്താനും മാതൃസഭയിലെ രൂപതകളും വിദേശരാജ്യങ്ങളിലെ രൂപതകളുംചേർന്നു സംയുക്ത അജപാലന പദ്ധതികൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവർ സീറോമലബാർസഭയിലെ അംഗങ്ങൾ എന്ന അവബോധത്തോടെ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനും ആരാധനക്രമസംബന്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും കുഞ്ഞുങ്ങൾക്കു സഭാകൂട്ടായ്മയിൽ വിശ്വാസപരിശീലനം നൽകാനും ശ്രദ്ധിക്കണമെന്നു സ്നേഹപൂർവം ഓർമിപ്പിക്കട്ടെ.

ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ഇന്നു സമൂഹത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചുകൂടി ഏതാനും ചിന്തകൾ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ക്രൈസ്തവരും സഭാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വിവിധമേഖലകളിൽ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോ. 16:15) എന്ന ദൈവകല്പിതമായ ദൗത്യം നിർവഹിക്കാൻ ഓരോ കൈ്രസ്തവനും കടപ്പെട്ടിരിക്കുന്നു. സുവിശേഷപ്രഘോഷണമില്ലെങ്കിൽ സഭയില്ല എന്ന സത്യം നമ്മൾ മനസിലാക്കണം.

പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്താൽ ആകർഷിക്കപ്പെട്ടു ക്രൈസ്തവവിശ്വാസം സ്വീകരിക്കാൻ ഒരു വ്യക്തി ആഗ്രഹിച്ചാൽ അതിനെ തടയാൻ ആർക്കും സാധിക്കുകയില്ല. കാരണം അത് കേവലം മാനുഷികമായ ഒരു തീരുമാനം മാത്രമല്ല ദൈവികപദ്ധതികൂടിയാണ്. വി. യോഹന്നാന്റെ സുവിശേഷത്തിൽ വായിക്കുന്നതുപോലെ "എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടു ക്കലേക്കു വരാൻ സാധിക്കുകയില്ല” (6:44).

പീഡനങ്ങൾക്കോ ഭീഷണികൾക്കോ ഒരു യഥാർത്ഥ വിശ്വാസിയെ തന്റെ ബോധ്യത്തിൽനിന്നു പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലെന്നു രക്തസാക്ഷികളുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. സുവിശേഷത്തിനുവേണ്ടി നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയ വി. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സത്യമാണ് പ്രഘോഷിക്കുന്നത്: “എന്തെന്നാൽ മരണത്തിനോ ജീവനോ ദൂതന്മാർക്കോ അധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ, ശക്തികൾക്കോ, ഉയരത്തിനോ, ആഴത്തിനോ, മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്നു എനിക്കു ഉറപ്പുണ്ട്” (റോമ 8:38-39).

ഐസിസ് തീവ്രവാദികൾ ലിബിയൻ കടൽത്തീരത്തു വച്ചു കഴുത്തറുത്തുകൊന്ന 21 ഈജിപ്ഷ്യൻ രക്തസാക്ഷികളും ഇതേ തീവ്രവാദികളുടെ പീഡനനങ്ങൾക്കിടയിലും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയാതെ മരണംവരിച്ച ഇറാക്കിലെയും സിറിയയിലെയും നൂറുകണക്കിനു വിശ്വാസികളും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മണിപ്പൂരിലും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്ത ക്രൈസ്തവസഹോദരങ്ങളും ഈ ലോകത്തിലുള്ള ഒരു ശക്തിക്കും ഒരു ഭീഷണിക്കും ഒരു യഥാർത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലെന്നു ഈ കാലഘട്ടത്തിൽ നമ്മെ ബോധ്യപ്പെടുത്തുന്നു.

സംഘടിതമായ എതിർപ്പുകളുടെയും ന്യായീകരിക്കാനാകാത്ത പ്രകോപനങ്ങളുടെയും തിരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലും പൊതുസമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നതിൽ നമുക്കു മടുപ്പും മനക്ലേശവും ഉണ്ടാകരുത്. ഇത്തരം സാഹചര്യങ്ങളിൽ നഷ്ടധൈര്യരാകാതെ വിശ്വാസം കാത്തുസൂക്ഷിക്കാനും കാരുണ്യത്തോടും സ്നേഹത്തോടുംകൂടെ ക്രൈസ്തവജീവിതം നയിക്കാനും അനുദിനജീവിതസാഹചര്യങ്ങളിൽ അതു സാക്ഷ്യപ്പെടുത്താനും നമുക്കു സാധിക്കണം. നമ്മെ പീഡിപ്പിക്കുന്നവരോടു കാരുണ്യപൂർവം വർത്തിക്കാൻ നമ്മുടെ വിശ്വാസം നമ്മെ നിർബന്ധിക്കുന്നു.

അതേസമയം, നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും വിവിധ സേവനമേഖലകളും ഇനിയും കാര്യക്ഷമമാക്കുകയും കുറവുകളും പോരായ്മകളും പരിഹരിച്ചു കൂടുതൽ ഫലപ്രദമാക്കുകയും എല്ലാ പ്രവർത്തനമേഖലകളിലും ആവശ്യമായ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

തന്റെ ജീവിതത്തിലൂടെയും പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നമുക്കു മാതൃകയും പ്രചോദനവുമായ മാർതോമാശ്ലീഹായെ പിൻതുടർന്നു നമ്മുടെ വിശ്വാസജീവിതം ധീരതയോടെ നയിക്കാം. "ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33) എന്ന ഈശോയുടെ വാക്കുകൾ എല്ലാ പ്രതിസന്ധികളിലും നമുക്ക് ഊർജവും ഉണർവും ഉത്തേജനവും നല്കട്ടെ. ദുക്റാന തിരുനാളിന്റെയും സഭാ ദിനത്തിന്റെയും ആശംസകൾ സഭാമക്കൾ എല്ലാവർക്കും നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ജൂൺ മാസം 25-ാം തീയതി നൽകപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.