ലണ്ടന്‍: അഭയാര്‍ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. സുരക്ഷിതമായ മൂന്നാം രാജ്യമായി റുവാണ്ടയെ പരിഗണിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
റുവാണ്ടയിലെ ജീവിത സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. മോശം സാഹചര്യത്തിലേക്ക് അഭയാര്‍ഥികളെ തള്ളി വിടുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടണില്‍ അഭയം തേടിയവരെ റുവാണ്ടയിലേക്ക് അയയ്ക്കുമ്പോള്‍ അവര്‍ പലായനം ചെയ്ത രാജ്യത്തേക്ക് നാടു കടത്തപ്പെടുന്നില്ലെന്ന് ബ്രിട്ടന് ഉറപ്പു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
'റുവാണ്ടിയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഒരുപാട് പോരായ്മകളുണ്ട്. റുവാണ്ടയിലേക്കയച്ചവരെ അവരുടെ മാതൃ രാജ്യത്തേക്കയക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അവിടെ അവര്‍ സുരക്ഷിതരല്ല' - കോടതി പറഞ്ഞു. റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
അനധികൃത കുടുയേറ്റം തടയാന്‍ റുവാണ്ട പദ്ധതി നടപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി റിഷി സുനകിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. നേരത്തെ പദ്ധതി പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതിനെതിരെയാണ് ഉയര്‍ന്ന ബെഞ്ചില്‍ കുടിയേറ്റക്കാരുടെ പ്രതിനിധികള്‍ അപ്പീല്‍ നല്‍കിയത്.
ചെറു ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ഫ്രാന്‍സില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളെ തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായത്. 2022 ജനുവരി ഒന്നിന് ശേഷം രാജ്യത്തെത്തിയ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായിരുന്നു പദ്ധതി. 2022 ല്‍ മാത്രം 45,700 പേരാണ് ഈ വഴി ബ്രിട്ടനില്‍ അഭയം തേടിയത്. ആദ്യ സംഘവുമായുള്ള വിമാനം 2022 ജൂണില്‍ പുറപ്പെടാനിരിക്കെയാണ് നിയമപോരാട്ടം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.