കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരേ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂെലെ 19നു സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവ് നല്‍കിയിരുന്നു.
ഉത്തരവ് നടപ്പാക്കേണ്ട ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അന്നു മുതല്‍ 10 തവണ സ്ഥലം മാറ്റിയെന്നാണ് വിവരാവകാശ രേഖ. പലരും ഒന്നില്‍ കൂടുതല്‍ തവണ സ്ഥലംമാറി എത്തിയതിനാല്‍ ഇക്കാലയളവില്‍ 17 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനുണ്ടായത്.
ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു പി.വി അന്‍വര്‍ എം.എല്‍.എ. സ്വന്തമാക്കിയ മിച്ചഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതിയുടെ കോടതിയലക്ഷ്യക്കേസിലെ ഉത്തരവ് ഒരു വര്‍ഷവും അഞ്ചു മാസമായിട്ടും നടപ്പാക്കിയിട്ടില്ല. ഹൈക്കോടതി ഉത്തരവ് വന്നതോടെ സര്‍ക്കാര്‍ ലാന്‍ഡ് ബോര്‍്ഡ് സംവിധാനം തന്നെ ഉടച്ചുവാര്‍ത്തു. ഡെപ്യൂട്ടി കളക്ടര്‍ ചെയര്‍മാനായ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് പകരം സോണല്‍ ലാന്‍ഡ് ബോര്‍ഡും അതിന് കീഴില്‍ സോണല്‍ സബ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസുകളുമാക്കി മാറ്റി. '
കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ പരിഷ്‌കാരം വന്നതോടെ പി.വി അന്‍വറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികളും അട്ടിമറിക്കപ്പെട്ടു. കേസ് പരിഗണിച്ചിരുന്ന താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍പേഴ്സണായ കോഴിക്കോട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.പി ശാലിനി പദവി ഒഴിഞ്ഞു. പകരം കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കളക്ടര്‍ എം.എച്ച്. ഹരീഷിനാണ് ചുമതല. പുതിയ ചെയര്‍മാനാവട്ടെ കേസ് ഇതുവരെ പരിഗണിച്ചിട്ടു പോലുമില്ല. പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്നാണ് കെ.വി ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടത്.
2021 ഡിസംബര്‍ 31ന് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടത്തിയ വിചാരണയില്‍ പി.വി അന്‍വര്‍ ഹാജരാകാതിരുന്നത് നടപടി അനന്തമായി നീട്ടികൊണ്ടുപോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് 2022 ജനുവരി 1 മുതല്‍ അഞ്ച് മാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിച്ച് മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ കോടതി ഉത്തരവിട്ടത്.
പി.വി അന്‍വര്‍ എം.എല്‍.എ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ 2017 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവ് നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.