പ്രത്യേക രാത്രി സിറ്റിംഗില്‍ ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഒരാഴ്ച്ചത്തേക്ക് അറസ്റ്റുണ്ടാകില്ല: ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രത്യേക രാത്രി സിറ്റിംഗില്‍ ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഒരാഴ്ച്ചത്തേക്ക് അറസ്റ്റുണ്ടാകില്ല: ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നല്‍കി. ഏഴ് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇതോടെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ടീസ്റ്റയ്ക്ക് അവസരം ലഭിക്കും.

രാത്രിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ടീസ്റ്റയുടെ ഹര്‍ജിയില്‍ വാദം കേട്ടത്. സ്റ്റേ ഉത്തരവില്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി അപ്പീല്‍ നല്‍കുന്നതിന് വേണ്ടി സ്റ്റേ കൊടുക്കേണ്ടാതിയിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ടീസ്റ്റയ്ക്ക് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് രാത്രി തന്നെ പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇതംഗീകരിച്ചാണ് ശനിയാഴ്ച രാത്രി 9.15ന് പ്രത്യേക സിറ്റിംഗ് നടത്തിയത്.

ശനിയാഴ്ച പകല്‍ ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി എത്രയും വേഗം കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഭയ് എസ്. ഓക്ക ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വിയോജിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കേസില്‍ 2022 ജൂണ്‍ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ടീസ്റ്റ സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍ മോചിതയായി. തുടര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.