സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍; കലാശാപ്പോരാട്ടം ചൊവ്വാഴ്ച കുവൈറ്റുമായി

സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍; കലാശാപ്പോരാട്ടം ചൊവ്വാഴ്ച കുവൈറ്റുമായി

ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ലെബനനെ 4-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. ചൊവ്വാഴ്ച കുവൈറ്റുമായാണ് ഫൈനല്‍ മത്സരം. ടൂര്‍ണമെന്റില്‍ എട്ടുതവണ ഇന്ത്യ കപ്പ് ഉയര്‍ത്തിയിട്ടുണ്ട്.

നിശ്ചിതസമയവും അധികസമയവും ഇരുടീമുകള്‍ക്കും ഗോളടിക്കാനാകാതെ വന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യംകണ്ടു. ലെബനന്റെ ഹസന്‍ മാതൗക്കിന്റെ കിക്ക് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധു രക്ഷപ്പെടുത്തി. നാലാംകിക്ക് ഖലീല്‍ ബാദെര്‍ പുറത്തേക്കടിച്ചു.

ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ലെബനനായിരുന്നു ആദ്യ നിമിഷങ്ങളില്‍ കളിയുടെ നിയന്ത്രണം. ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് പലപ്പോഴും ഗോള്‍മുഖത്ത് അക്രമണം അഴിച്ചുവിട്ട അവര്‍ക്ക് ഗോളടിക്കാന്‍ മാത്രമായില്ല. കാവല്‍ക്കാരന്‍ ഗുര്‍പ്രീത്സിങ് സന്ധുവായിരുന്നു ഇന്ത്യയുടെ രക്ഷകന്‍. സസ്പെന്‍ഷനിലായ സന്ദേശ് ജിങ്കന്റെ അഭാവം ബാധിച്ചെങ്കിലും പതിയെ അന്‍വര്‍ അലിയും മെഹ്താബ് സിങ്ങും നയിച്ച പ്രതിരോധം ഊര്‍ജം വീണ്ടെടുത്തു.

16-ാംമിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നീക്കം. മധ്യത്തില്‍നിന്ന് ഛേത്രി പന്ത് ജീക്സണ്‍ സിങ്ങിന് കൈമാറി. ഗോളിമാത്രം മുന്നില്‍നില്‍ക്കേ പന്ത് ജീക്സണ്‍ സഹല്‍ അബ്ദുള്‍ സമദിന് നല്‍കി. മലയാളിതാരത്തിന്റെ ഉന്നംതെറ്റി. രണ്ടാംപകുതിയിലും അധികസമയവും ഇരുടീമുകളും പ്രതിരോധത്തില്‍ ഉറച്ച് നിന്നതോടെ ആര്‍ക്കും ലക്ഷ്യം കാണാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.