'വരൂ... അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാം; ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കണ്ട് മടങ്ങാം': വീണ്ടും യാത്രക്കാരെ ക്ഷണിച്ച് ഓഷ്യന്‍ ഗേറ്റ്

'വരൂ... അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങാം; ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കണ്ട് മടങ്ങാം': വീണ്ടും യാത്രക്കാരെ ക്ഷണിച്ച് ഓഷ്യന്‍ ഗേറ്റ്

വാഷിങ്ടണ്‍: ടൈറ്റന്‍ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് അടുത്ത ടൈറ്റാനിക് പര്യവേഷണത്തിന് യാത്രക്കാരെ ക്ഷണിച്ച് ഓഷ്യന്‍ ഗേറ്റ് കമ്പനി.

2024 ജൂണ്‍ 12-20 വരെയും ജൂണ്‍ 21-29 വരെയും രണ്ട് ഘട്ടമായി ടൈറ്റാനിക് പര്യവേഷണം നടത്തുന്നുണ്ടെന്നാണ് ഓഷ്യന്‍ ഗേറ്റ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുള്ളത്. ഒരാള്‍ക്ക് 2,50,000 ഡോളറാണ് ചിലവ്.

അന്തര്‍ വാഹിനി യാത്ര, സ്വകാര്യ താമസ സൗകര്യങ്ങള്‍, വിമാനങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണം എന്നിവയ്‌ക്കൊപ്പം ടൈറ്റാനിക് കാണാനുള്ള യാത്രയ്ക്ക് പ്രത്യേക പരിശീലവും നല്‍കും. പരമാവധി ആറ് പേര്‍ക്കാണ് അന്തര്‍ വാഹിനിയില്‍ കയറാനാകുക. യാത്രക്കാര്‍ക്ക് കുറഞ്ഞത് 17 വയസെങ്കിലും വേണം.

ഈ വിശദാംശങ്ങള്‍ക്കൊപ്പം നേരത്തെ നടത്തിയ പര്യവേഷണത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും യാത്രക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകളും ഓഷ്യന്‍ ഗേറ്റിന്റെ വെബ്‌സൈറ്റിലുണ്ട്.

നിങ്ങളുടെ ഈ യാത്ര ആവേശകരവും അതുല്യവുമായ ഒരു അനുഭവം മാത്രമല്ല, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളെക്കുറിച്ചും ആഴക്കടല്‍ പരിസ്ഥിതിയെക്കുറിച്ചും കൂടുതലറിയാന്‍ ശാസ്ത്ര സമൂഹത്തെ സഹായിക്കുകയും ചെയ്യും. ഓരോ ഡൈവിനും ഒരു ശാസ്ത്രീയ ലക്ഷ്യമുണ്ടെന്നും ഓഷ്യന്‍ ഗേറ്റിന്റെ വെബ്സൈറ്റില്‍ പറയുന്നു.

എട്ട് പകലും ഏഴ് രാത്രിയും നീണ്ടു നില്‍ക്കുന്നതാണ് യാത്ര. കാനഡയിലെ ന്യൂഫൗണ്ട്ലാന്‍ഡിലുള്ള സെന്റ് ജോണ്‍സില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്ര മൂന്നാം ദിവസമാണ് ആരംഭിക്കുക. ഏഴാമത്തെ ദിവസം കടലിന് മേല്‍ത്തട്ടിലേക്ക് തിരിച്ചു വരാന്‍ തുടങ്ങും. എട്ടാം ദിവസം സെന്റ് ജോണ്‍സിലേക്ക് മടങ്ങും. ഇതാണ് യാത്രയുടെ ഷെഡ്യൂള്‍.

ഒരാഴ്ച മുന്‍പാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് ഓഷ്യന്‍ ഗേറ്റ് ഉടമയായ സ്റ്റോക് ടണ്‍ റഷ് അടക്കം അഞ്ച് യാത്രക്കാര്‍ മരിച്ചത്. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അതിനിടെയാണ് പുതിയ യാത്രാ വാഗ്ദാനങ്ങളുമായി ഓഷ്യന്‍ ഗേറ്റ് രംഗത്ത് വന്നിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.