മഞ്ചേരി: ചികിത്സിക്കാൻ തയാറാകാതെ മൂന്നു ആശുപത്രികൾ കയ്യൊഴിയുകയും അവസാനം 14 മണിക്കൂർ അലഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്ത പൂർണ ഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശേരി സ്വദേശി എൻ.സി.ഷെരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ ഇരട്ടക്കുഞ്ഞുങ്ങളാണ് ഞായറാഴ്ച വൈകുന്നേരം പ്രസവത്തോടെ മരിച്ചത്. പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകൻ കൂടിയായ എൻ.സി.ഷെരീഫാണ് അധികൃതരുടെ അനാസ്ഥ മൂലം 20കാരിയായ ഭാര്യയുമായി മണിക്കൂറുകൾ അലഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സാസൗകര്യം ലഭ്യമായില്ല. പ്രസവചികിത്സയ്ക്ക് കോവിഡ് പിസിആർ ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിർബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് പറഞ്ഞു.
പിന്നീട് പിസിആർ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവർക്ക് അലയേണ്ടി വന്നു. ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നതെന്നതും ആശങ്ക വർധിക്കാൻ കാരണമായിരുന്നു. യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാൽ, പിന്നീട് രോഗം ഭേദമാവുകയും ചെയ്തിരുന്നു. കോഴിക്കോട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോൾ തിരിച്ചുവിളിച്ച് കോവിഡ് പിസിആർ ഫലം വേണമെന്നും ആന്റിജൻ ടെസ്റ്റ് ഫലം പോരെന്നും ഇവർ നിർബന്ധം പിടിച്ചു.
പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് യുവതിയെ സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.
ഓട്ടപ്പാച്ചിലിനിടയിൽ ഏറെ വൈകി മലപ്പുറം ഡിഎംഒയെ ഫോണിൽ വിളിച്ച് വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഫോണിൽ വിളിച്ച് വിവരം അന്വേഷിക്കുകയും മെഡിക്കൽ കോളജിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. പരാതി നൽകുമെന്ന് ഷരീഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.