നിക്കരാഗ്വ ജയിലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരസിനെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ കോടതി

നിക്കരാഗ്വ ജയിലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരസിനെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ കോടതി

മനാഗ്വേ: നിക്കരാഗ്വയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കിയ മതഗല്‍പ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിനെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇന്റര്‍-അമേരിക്കന്‍ മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടു. തടവറയിലെ അവസ്ഥയും അപകട സാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താല്‍ക്കാലിക നടപടിയെന്നോണമാണ് കോടതിയുടെ ഈ ഇടപെടല്‍.

ബിഷപ്പിന്റെ ജീവിതവും ആരോഗ്യവും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു

ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19-ന് ഏതാനും വൈദികര്‍ക്കും സെമിനാരിക്കാര്‍ക്കുമൊപ്പം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. പിന്നീട് രാജ്യത്തിന്റെ അഖണ്ഡത തകര്‍ത്തു, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 13-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കുറ്റാരോപണങ്ങളുടെ വെളിച്ചത്തില്‍ കോടതി വിസ്താരം കൂടാതെ അദ്ദേഹത്തിന് 26 വര്‍ഷം തടവു ശിക്ഷയും വിധിച്ചു.

സര്‍ക്കാര്‍ വിമതരാണെന്ന ആരോപണത്തിന്മേല്‍ അമേരിക്കയിലേക്ക് ഉടന്‍ നാടുവിട്ടു പോകണമെന്ന ഉത്തരവ് ലഭിച്ച വൈദികരും വൈദികാര്‍ത്ഥികളും മറ്റുള്ളവരും ഉള്‍പ്പടെ 222 പേര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ബിഷപ്പ് വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റും കോടതി വിധിയും ഉണ്ടായത്.

ജയിലില്‍ ബിഷപ്പിന് ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍, മതിയായ ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിലൂടെയും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സമ്പര്‍ക്കം സുഗമമാക്കുന്നതിലൂടെയും അദ്ദേഹത്തിന് മാന്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഇന്റര്‍-അമേരിക്കന്‍ കോടതി ആവശ്യപ്പെട്ടു. ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിന്റെ അറസ്‌റ്റോടെ വത്തിക്കാനുമായുള്ള നിക്കരാഗ്വയുടെ നയതന്ത്രബന്ധം വിള്ളലിന്റെ വക്കിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.