ഫ്രാന്‍സില്‍ അയവില്ലാതെ സംഘര്‍ഷം; മേയറുടെ വീട്ടിലേക്ക് കാറോടിച്ചുകയറ്റി പ്രക്ഷോഭകാരികള്‍; ഭാര്യക്കും മകനും പരിക്ക്

ഫ്രാന്‍സില്‍ അയവില്ലാതെ സംഘര്‍ഷം; മേയറുടെ വീട്ടിലേക്ക് കാറോടിച്ചുകയറ്റി പ്രക്ഷോഭകാരികള്‍; ഭാര്യക്കും മകനും പരിക്ക്

പാരീസ്: ഫ്രാന്‍സില്‍ 17 വയസുകാരന്‍ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാജ്യ വ്യാപക പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല. അക്രമാസക്തരായ ജനക്കൂട്ടം സൗത്ത് പാരീസിലെ ലേ-ലെസ് റോസസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റി. തന്റെ ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റതായി മേയര്‍ വിന്‍സന്റ് ജീന്‍ബണ്‍ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം, അക്രമ സംഭവങ്ങളില്‍ ശനിയാഴ്ച രാത്രി 719 പേരെക്കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 79 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 27നാണ് പാരീസിന്റെ പ്രാന്തപ്രദേശമായ നന്റേറില്‍ 17കാരന്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആക്രമങ്ങളില്‍ കുറവുണ്ടായെങ്കിലും പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികള്‍ ഉള്‍പ്പെടെ 719 പേരാണ് അറസ്റ്റിലായത്. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായ മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രക്ഷോഭകാരികള്‍ തന്റെ വീട്ടിലേക്ക് ഒരു കാര്‍ ഇടിച്ചുകയറ്റുകയും തീയിടുകയും ചെയ്‌തെന്നും ഈ സമയം കുടുംബം ഉറങ്ങുകയായിരുന്നുവെന്നും മേയര്‍ വിന്‍സെന്റ് ജീന്‍ബണ്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളായ പാരീസ്, ലിയോണ്‍, മാര്‍സെയില്‍ എന്നിവിടങ്ങളില്‍ 45,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

1,350 വാഹനങ്ങള്‍, 10 ഷോപ്പിങ് മാളുകള്‍, 200 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 250 പുകയില കടകള്‍, 250 ബാങ്ക് ഔട്ട്‌ലെറ്റുകള്‍ എന്നിവ തകര്‍ക്കുകയോ, കൊള്ളയടിക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വെടിയേറ്റു മരിച്ച നയീലിന്റെ സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നന്റേറയിലെ മോണ്ട് വലേറിയന്‍ പള്ളിയില്‍ നടന്നു. കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തില്‍ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നയീല്‍.

സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി. ഞായറാഴച് ആരംഭിക്കാനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. ജര്‍മന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച മാക്രോണ്‍, നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.