റിയാദ്: സൗദി അറേബ്യയുടെ പുതിയ എണ്ണ നയം പല ലോകരാജ്യങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് ആശങ്ക. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് സൗദിയുടെ നയം മാറ്റത്തിന് കാരണം. ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്ന എണ്ണ വില ഇപ്പോള്‍ 75 ഡോളറിലാണ്.
ഇതോടെ ശനിയാഴ്ച മുതല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള നടപടി സൗദി തുടങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഈ നീക്കം.
യൂറോപ്പിലും അമേരിക്കയിലും പണപ്പെരുപ്പം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം നിലനില്‍ക്കേ എണ്ണവില കൂടുന്നത് പ്രതിസന്ധി രൂക്ഷമാക്കും. യൂറോപ്പിന്റെയും അമേരിക്കയുടെയും തളര്‍ച്ച മറ്റു രാജ്യങ്ങളെയും ബാധിക്കും. എണ്ണ ഉല്‍പ്പാദനം കുറയ്ക്കരുത് എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും സൗദി മുഖവിലക്കെടുത്തിട്ടില്ല.
മെയ് മാസത്തില്‍ സൗദി അറേബ്യ എണ്ണ ഉല്‍പ്പാദം വെട്ടിക്കുറച്ചിരുന്നു. ജൂലൈ മുതല്‍ വീണ്ടും കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനമാണ് ശനിയാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങിയത്. ഒരു ദിവസം 10 ലക്ഷം ബാരല്‍ എണ്ണയുല്‍പ്പാദനമാണ് കുറച്ചിരിക്കുന്നത്. വിലയില്‍ മാറ്റം വന്നില്ലെങ്കില്‍ ജൂലൈക്ക് ശേഷവും ഉല്‍പ്പാദനം കൂട്ടേണ്ട എന്നാണ് സൗദിയുടെ തീരുമാനം.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് 2024 ല്‍ ഉല്‍പ്പാദനം കുറയ്ക്കാം എന്നാണ്. 2024 ന് മൊത്തമായി ഒരു നയം തുടരാമെന്നും അവര്‍ ഉപാധി വച്ചു. എന്നാല്‍ ജൂലൈ മുതല്‍ തന്നെ ഉല്‍പ്പാദനം കുറയ്ക്കുമെന്ന നിലപാടില്‍ സൗദി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. വേണ്ടി വന്നാല്‍ ജൂലൈക്ക് ശേഷവും ഉല്‍പ്പാദനം കുറയ്ക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസമായി എണ്ണ വില ബാരലിന് 75 ഡോളര്‍ മുതല്‍ 80 ഡോളര്‍ വരെയാണ്. 2022 മാര്‍ച്ചില്‍ 140 ഡോളറായിരുന്നു വില. 2022 ന് ശേഷം വില കുറഞ്ഞത് സൗദിയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവില കൂടിയില്ലെങ്കില്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും സൗദി കണക്കു കൂട്ടുന്നു. ഇതാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ ആ രാജ്യത്തെ പ്രേരിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃരാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യയ്ക്കുമെല്ലാം സൗദിയുടെ തീരുമാനം തിരിച്ചടിയാകേണ്ടതാണ്. എന്നാല്‍ ഇരുരാജ്യങ്ങളും സൗദിയുടെ എണ്ണയേക്കാള്‍ ഇപ്പോള്‍ റഷ്യയുടെ എണ്ണയെ ആണ് ആശ്രയിക്കുന്നത്. റഷ്യ വില കുറച്ചാണ് എണ്ണ നല്‍കുന്നത്. ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാനാണ് റഷ്യ വില കുറച്ച് വില്‍ക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് വരെ സൗദിയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ എത്തിച്ചിരുന്നത്. ഇറാഖ് വിപണിയില്‍ സജീവമായതോടെ സൗദി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ റഷ്യയുടെ പുതിയ തീരുമാനം സൗദിയെയും ഇറാഖിനെയും പിന്നിലാക്കി.
നിലവില്‍ സൗദി അറേബ്യയും ഇറാഖും നല്‍കുന്ന മൊത്തം എണ്ണയേക്കാള്‍ ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ സൗദിയുടെ പുതിയ തീരുമാനം ഇന്ത്യയെ വേഗത്തില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.