കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമെന്ന് കെ.എസ്.യു. അക്കാഡമിക് ഉപദേശക സ്ഥാനം വഹിക്കുന്ന രതീഷിന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടിയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. നിഖില്‍ തോമസിന്റേതിനേക്കാള്‍ വലിയ തട്ടിപ്പാണിത്. മുഖ്യമന്ത്രിയുടെ അക്കാഡമിക് ഉപദേശക സ്ഥാനത്ത് നിന്ന് രതീഷിനെ പുറത്താക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
രതീഷ് കാളിയാടന്‍ കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിലാണ് അസാം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയതായി രേഖയിലുള്ളത്. ഇവിടെ ജോലി ചെയ്യുമ്പോള്‍ അദേഹത്തിന് എങ്ങനെ അസാമില്‍ പോയി പിഎച്ച്ഡി ഗവേഷണം നടത്താന്‍ കഴിഞ്ഞുവെന്നത് ദുരൂഹമാണ്.
പിഎച്ച്ഡി ചെയ്യാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വേണമെന്ന യുജിസി നിബന്ധന ഉള്ളപ്പോള്‍ രതീഷ് കാളിയാടന്‍ രണ്ട് വര്‍ഷം കൊണ്ട് പിഎച്ച്ഡി പൂര്‍ത്തിയാക്കി. മാത്രമല്ല യുജിസി നിഷ്‌കര്‍ഷിക്കുന്ന കോഴ്സ് വര്‍ക്ക് ഇദ്ദേഹം ചെയ്തിട്ടില്ല. ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് ഇദേഹം പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നതെന്നും കെ.എസ്.യു ആരോപിച്ചു.
കോപ്പിയടിച്ച പിഎച്ച്ഡി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അസാം യൂണിവേഴ്സിറ്റിക്കും സംഭവത്തില്‍ അന്വേഷം ആവശ്യപ്പെട്ട് യുജിസിക്കും പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അതേസമയം തന്റേത് വ്യാജ പിഎച്ച്ഡിയല്ലെന്നും ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും രതീഷ് കാളിയാടന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ജോലിക്കൊപ്പം പാര്‍ട് ടൈമായി ഗവേഷണം നടത്തുന്നതിന് തടസമില്ല. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണം തുടങ്ങിയതായും രതീഷ് കാളിയാടന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.