ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിന്റെ കലാശ പോരാട്ടം ഇന്ന്. ഫൈനലിൽ ആതിഥേയരായ ഇന്ത്യ കുവൈത്തിനെ നേരിടും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
മൂന്നു പതിറ്റാണ്ട് നീണ്ട സാഫ് കപ്പ് ഫുട്ബാൾ ചരിത്രത്തിൽ 13 ഫൈനലുകളിൽ 12 ലും മാറ്റുരച്ച ഏക ടീമാണ് ഇന്ത്യ. എട്ട് തവണ കപ്പിൽ മുത്തമിട്ടപ്പോൾ നാലു തവണ റണ്ണറപ്പായി. 2003 ൽ മാത്രമാണ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
നിലവിലെ ജേതാക്കൾകൂടിയായ ഇന്ത്യ തുടർച്ചയായ ഒമ്പതാം ഫൈനലിനാണ് ഇന്ന് ബൂട്ട് അണിയുന്നത്. കഴിഞ്ഞ മാസം ഒഡിഷയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലെബനാനെ വീഴ്ത്തി കിരീടമണിഞ്ഞ ആവേശത്തിളാണ് ഇന്ത്യ. സ്വന്തം മൈതാനത്ത് സാഫ് കപ്പ് ഫൈനൽ തോറ്റിട്ടില്ലെന്ന കണക്കും ഇന്ത്യക്കനുകൂലം.
കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിന് രണ്ടു കളിയിൽ വിലക്കുള്ളതിനാൽ ഫൈനലിലും ഡഗ് ഔട്ടിന് പുറത്താവും. പകരം മഹേഷ് ഗാവ്ലിയാകും ടീമിനൊപ്പമുണ്ടാവുക.
ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. റൈറ്റ് ബാക്കിൽ നിഖിൽ പൂജാരി, ലെഫ്റ്റ് ബാക്കിൽ ആകാശ് മിശ്ര, സെന്റർ ബാക്കിൽ സന്ദേശ് ജിങ്കാൻ, അൻവർ അലി, റൈറ്റ് വിങ്ങിൽ ലാലിയൻ സുവാല ചാങ്തെ, ലെഫ്റ്റ് വിങ്ങിൽ മഹേഷ് സിങ്, സെൻറർ മിഡ്ഫീൽഡിൽ ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ എന്നിവരും അറ്റാക്കർമാരായി ഛേത്രിയും ആഷിക് കുരുണിയനുമാണ് ആദ്യ പരിഗണന. മഹേഷിന് പകരം സഹലിനെയിറക്കാനും സാധ്യതയുണ്ട്.
ലെബനനെതിരായ സെമിയിൽ പ്രതിരോധ നിരയെ മാറ്റിയ സഹപരിശീലകൻ മഹേഷ് ഗാവ്ലി രണ്ടാം പകുതിയിൽ ആകാശ് മിശ്ര, നിഖിൽ പൂജാരി എന്നിവരെ തിരിച്ചെത്തിച്ചതോടെയാണ് ആക്രമണത്തിന് മൂർച്ചകൂടിയത്. എക്സ്ട്രാ ടൈമിൽ ഇരുവിങ്ങുകളിലൂടെയും ഇന്ത്യ കുതിക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ തുറക്കുകയും ചെയിതു.
ഛേത്രിയെ ഒഴിച്ചുനിർത്തിയാൽ മറ്റു താരങ്ങളിൽനിന്ന് കാര്യമായ ഗോൾ സ്കോറിങ് ഇല്ല. അഞ്ചു ഗോളുമായി ടൂർണമെന്റിലെ ടോപ്സ്കോററാണ് ഛേത്രി. ആഷിഖും സഹലും ചാങ്തെയും ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. പ്രതീക്ഷയും സമ്മർദവുമായി ടീം കളത്തിലിറങ്ങുമ്പോൾ ഗാലറി നിറയുന്ന കണ്ഠീരവയിലെ ആരവങ്ങൾ പ്രചോദനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.