പിളർപ്പിലും കരുത്ത് തെളിയിക്കാൻ എൻസിപി നേതൃയോഗങ്ങൾ ഇന്ന്; പവാറും അജിത്തും വെവ്വേറെ യോഗം ചേരും

പിളർപ്പിലും കരുത്ത് തെളിയിക്കാൻ എൻസിപി നേതൃയോഗങ്ങൾ ഇന്ന്; പവാറും അജിത്തും വെവ്വേറെ യോഗം ചേരും

മുംബൈ: എൻസിപിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് പോയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ആളിക്കത്തുമ്പോൾ ഇരു വിഭാഗങ്ങളിലെയും പിന്തുണ ഉറപ്പിക്കനായി നേതൃയോഗങ്ങൾ ഇന്ന് ചേരും. ശരത് പവാറിന്റെയും അനന്തരവൻ അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഇന്ന് മുംബൈയിൽ വെവ്വേറെ യോഗങ്ങൾ നടത്തും. 

ഇരുവരും അതത് വിഭാഗങ്ങൾക്ക് രണ്ട് ചീഫ് വിപ്പുമാരെ നിയമിച്ചിട്ടുണ്ട്. ശരത് പവാർ വിഭാഗം ഉച്ചയ്ക്ക് ഒരു മണിക്ക് ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലും അജിത് പവാർ സംഘം രാവിലെ 11 മണിക്ക് സബർബൻ ബാന്ദ്രയിലെ മുംബൈ എജ്യുക്കേഷൻ ട്രസ്റ്റ് (എംഇടി) പരിസരത്തുമാണ് യോഗം ചേരുക.

യോഗത്തിൽ പങ്കെടുക്കാൻ ഇരു വിഭാഗങ്ങളിലെയും ചിഫ് വിപ്പുമാർ സംസ്ഥാനത്തെ പാർട്ടിയുടെ എംഎൽഎമാർ, എംപിമാർ, ഭാരവാഹികൾ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു വിഭാഗങ്ങളുടെയും പരസ്പര അവകാശവാദങ്ങൾക്കിടയിൽ ഓരോ വിഭാഗത്തെയും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ യഥാർത്ഥ എണ്ണത്തിലേക്ക് യോഗം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശിവസേന-ബിജെപി മന്ത്രിസഭയിൽ അടുത്തിടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ 53 എൻസിപി എംഎൽഎമാരും തന്നെ പിന്തുണയ്ക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ 13 എംഎൽഎമാരുടെ പിന്തുണ മാത്രമേ അജിത് പവാറിനുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ശരത് പവാർ ക്യാമ്പ് ഇതിനെ എതിർത്തു. 

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാക്കുന്നതിന് കുറഞ്ഞത് 36 എംഎൽഎമാരുടെ പിന്തുണ അജിത് പവാറിന് ആവശ്യമാണ്. 36 എം‌എൽ‌എമാർ പിന്തുണ കത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് വാദിക്കുന്നു. 

മറുവശത്ത് സർക്കാരിൽ ചേർന്ന ഒമ്പത് എം‌എൽ‌എമാർ ഒഴികെ ബാക്കിയുള്ള എം‌എൽ‌എമാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് ശരത് പവാർ വിഭാഗം പറഞ്ഞു.

അജിത് പവാറിനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എട്ട് എംഎൽഎമാർക്കുമെതിരെ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഇതിനകം അയോഗ്യതാ ഹർജി നൽകിയിട്ടുണ്ട്. ശരത് പവാർ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്ത ജയന്ത് പാട്ടീലിനെയും ജിതേന്ദ്ര ഔഹാദിനെയും അയോഗ്യരാക്കണമെന്ന് അജിത് പവാർ ക്യാമ്പും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.