'എൽ നിനോ' വീണ്ടുമെത്തി; ‌അടുത്ത പന്ത്രണ്ട് മാസം ആഗോള താപനില കൂടുമെന്ന് റിപ്പോർട്ട്; ലോക കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും

'എൽ നിനോ' വീണ്ടുമെത്തി; ‌അടുത്ത പന്ത്രണ്ട് മാസം ആഗോള താപനില കൂടുമെന്ന് റിപ്പോർട്ട്; ലോക കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും

സിഡ്നി: കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ വീണ്ടും എത്തിയതായി ലോക കാലാവസ്ഥാ സംഘടന. പ്രതിഭാസത്തിന്റെ ഫലമായി അടുത്ത 12 മാസം ഉയർന്ന ആഗോള താപനില ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 2015 ൽ ആരംഭിച്ച് 2016 ൽ അവസാനിച്ച അവസാന എൽ നിനോ കഴിഞ്ഞ് എട്ട് വർഷം പിന്നിടുമ്പോഴാണ് എൽ നിനോ വീണ്ടും വരുന്നത്. പസിഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ.

ഈ വർഷത്തെ എൽ നിനോ കൂടുതൽ ശക്തമായിരിക്കും എന്നാണ് ലോക കാലവസ്ഥ സംഘടനയുടെ പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എൽ നിനോയുടെ അനന്തരഫലമായി പല സ്ഥലങ്ങളിലും ചൂട് റെക്കോർഡുകൾ തകർക്കുമെന്നും തെക്കേ അമേരിക്കയിൽ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരൾച്ച രൂക്ഷമാക്കുമെന്നുമാണ് കരുതുന്നത്.

ഓസ്‌ട്രേലിയ ചരിത്രപരമായി എൽ നിനോ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണെങ്കിലും പ്രദേശത്ത് ഇതുവരെ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി മഴ വ്യാപകമാണ്. എൽ നിനോയുടെ ആഘാതങ്ങൾ സാധാരണയായി ഒമ്പത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കും. ഓരോ പ്രദേശത്തിനും വ്യത്യാസമുണ്ട്. കൂടാതെ അതിതീവ്രമായ കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളോടെയാണ് പ്രതിഭാസത്തിന്റെ വരവ്.

എൽ നിനോയുടെ ആവിർഭാവം താപനില റെക്കോർഡുകൾ തകർക്കുന്നതിനും ലോകത്തിന്റെ പല ഭാഗങ്ങളിലും സമുദ്രത്തിൽപ്പോലും തീവ്രമായ ചൂട് ഉണ്ടാക്കുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പ്രൊഫസർ പെറ്റേരി താലസ് പറഞ്ഞു. ആരോഗ്യം, ആവാസ വ്യവസ്ഥകൾ, സമ്പദ്‌ വ്യവസ്ഥകൾ എന്നിവയിലെ ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ സമാഹരിക്കാനുള്ള ലോകമെമ്പാടുമുള്ള സർക്കാരുകൾക്കുള്ള സൂചനയാണ് നേരത്തെയുള്ള എൽ നിനോ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

എൽ നിനോയുമായി ബന്ധപ്പെട്ട് ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിന് മുന്നറിയിപ്പുകളും നടപടികളും അത്യന്താപേക്ഷിതമാണ്. 2016നേക്കാൾ താപനില 2024ൽ കൂടാൻ സാധ്യതയുണ്ട്. എൽ നിനോ എത്തിയതിനാൽ ഈ വർഷത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ ആശങ്കാജനകമായിരിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തവണത്തെ എൽ നിനോയുടെ പ്രത്യാഘാതമായി പലയിടങ്ങളിലും താപനില റെക്കോർഡ് ഉയരത്തിൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. എൽ നിനോ സമുദ്രത്തിലെ താപനിലയെയും ബാധിക്കും എന്നാണ് കരുതുന്നത്. എൽ നിനോയുടെ അനന്തരഫലമായി കിഴക്കൻ പസഫിക്കിലെ ജലം സാധാരണയേക്കാൾ ചൂടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയയെ എൽ നിനോ എങ്ങനെ ബാധിക്കും?

സാധാരണയായി എൽ നിനോ ഓസ്‌ട്രേലിയയിലേക്ക് ശരാശരിയിൽ താഴെയുള്ള മഴയും ശരാശരിക്ക് മുകളിലുള്ള താപനിലയുമാണ് കൊണ്ടുവരാറുള്ളത്, പ്രത്യേകിച്ച് ശൈത്യകാലത്തും(winter season) വസന്തകാലത്തും (spring season) ഇത് കഠിനമായ വരൾച്ചയ്ക്കും വർധിച്ച കാട്ടുതീക്കും ഇടയാക്കും. ജൂണിലെ മഴ ശരാശരിയെക്കാൾ 25 ശതമാനം കൂടുതലാണ്. ഓസ്ട്രേലിയയുടെ ഭൂരിഭാ​ഗം പ്രദേശത്തും ജൂലൈയിലും മഴയാണ്. ശരാശരിക്ക് മുകളിലുള്ള താപനില ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും ഉണ്ടാകാൻ സാധ്യയയുള്ളതിനാലാണ് എൽ നിനോ പ്രഖ്യാപിച്ചത്. പ്രവചനങ്ങൾ ഭയാനകമായി കാണപ്പെടുമ്പോഴും എല്ലാ എൽ നിനോയും കടുത്ത വരൾച്ച കൊണ്ടുവരുന്നില്ല. മുൻ എൽ നിനോ പ്രകാരം ഇത് ഓസ്‌ട്രേലിയയുടെ ചില സ്ഥലങ്ങളിൽ മാത്രം അതി തീവ്ര ചൂട് സൃഷ്ടിക്കുമെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്.

എന്താണ് എൽ നിനോ? എങ്ങനെയാണ് എൽ നിനോ ഉണ്ടാകുന്നത്?

പസിഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്. താപനില വർധിക്കാനും കാലവർഷം ദുർബലമാകാനുമൊക്കെ എൽ നിനോ കാരണമാകാം. ലോകരാജ്യങ്ങളെ പല തരത്തിലാണ് എൽ‍ നിനോ ബാധിക്കുന്നത്. ഇതിനു മുൻപ്, 2016-ലാണ് ലോകത്ത് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ആ വർഷം എൽ നിനോ പ്രതിഭാസം ശക്തമായിരുന്നു. കാലാവസ്ഥാ വ്യതിയാനം എൽ നിനോ ഉണ്ടാകാൻ കാരണമാകുമോ എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞർ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.