ന്യൂഡല്‍ഹി: ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയിരുന്ന സംഘം അറസ്റ്റിലായി. നീറ്റ് പരീക്ഷയ്ക്ക് പണം വാങ്ങി പരീക്ഷയെഴുതിയിരുന്ന സംഘത്തില്‍ എയിംസിലെ ഒരു വിദ്യാര്‍ത്ഥി അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഡല്‍ഹി പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ മെയ് ഏഴിന് നടന്ന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ ഒരാള്‍ക്ക് ഏഴ് ലക്ഷം രൂപ വരെ ഇവര്‍ പ്രതിഫലം വാങ്ങിയതായി പൊലീസ് വ്യക്തമാക്കി. രണ്ടാം വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരിയാണ് എയിംസിലെ വിദ്യാര്‍ത്ഥി. ഇയാളെ കൂടാതെ സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരാണ്അറസ്റ്റിലായിരിക്കുന്നത്. നരേഷ് ബിഷോരിയാണ് സംഘത്തിന്റെ ബുദ്ധി കേന്ദ്രം.
മറ്റൊരു വിദ്യാര്‍ഥിയ്ക്ക് വേണ്ടി പരീക്ഷയെഴുതാനെത്തി ഹരിയാനയില്‍ സഞ്ജു പിടിയിലായതോടെയാണ് സംഘത്തിന്റെ വിവരം പുറത്തായത്. ഇയാളെ ചോദ്യം ചെയ്ത പൊലീസ് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറിനെയും ജിതേന്ദ്രയേയും കുടുക്കി. ഒടുവിലായി നരേഷ് ബിഷോരിയെയും പൊലീസ് പിടികൂടി. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പരീക്ഷയെഴുതാന്‍ അഡ്വാന്‍സായി ഒരു ലക്ഷം രൂപ ആദ്യം വാങ്ങും. പിടിക്കപ്പെടാതെ പരീക്ഷ എഴുതിക്കഴിയുമ്പോള്‍ ബാക്കി 6 ലക്ഷം കൂടി വാങ്ങും. വന്‍ പ്രതിഫലം നല്‍കിയാണ് നരേഷ് എയിംസിലെ സഹപാഠികളെ സംഘത്തില്‍ ചേര്‍ത്തിരുന്നത്. സംഘത്തില്‍ എയിംസിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്.
കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തില്‍ പെട്ട എയിംസിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്നും സംശയിക്കുന്നുണ്ട്. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ എട്ട് പേരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.