വത്തിക്കാന്‍ സിറ്റി: മാമ്മോദീസ സ്വീകരിച്ച ഓരോ ക്രൈസ്തവനും ആധുനിക കാലത്തെ പ്രവാചകനാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നാം യേശുവിന്റെ സാക്ഷികളായി മാറണമെന്നും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.
ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം, 37-42 വരെയുള്ള വാക്യങ്ങളാണ് പാപ്പായുടെ വിചിന്തനത്തിന് ആധാരം. അതായത്, തനിക്ക് യോഗ്യനായവന്‍ ആരെന്നും തന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു നേടുമെന്നും സല്‍ക്കര്‍മ്മം ചെയ്യുന്നവന് പ്രതിഫലം ലഭിക്കുമെന്നും യേശു വിവരിക്കുന്ന ഭാഗമായിരുന്നു അത്.
'നാം ഓരോരുത്തരും ഒരു പ്രവാചകനാണ്, സ്‌നാനത്തോടെ നമുക്കെല്ലാവര്‍ക്കും പ്രവാചക ദൗത്യത്തിന്റെ സമ്മാനം ലഭിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ വര്‍ത്തമാനകാലത്തെ വായിക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും ദൈവത്തിന്റെ പദ്ധതികള്‍ മനസിലാക്കാനും അവയുമായി പൊരുത്തപ്പെടാനും അവരെ സഹായിക്കുന്നവനാണ് പ്രവാചകന്‍ എന്ന് പരിശുദ്ധ പിതാവ് തുടര്‍ന്നു പറഞ്ഞു. വിശദമായി പറഞ്ഞാല്‍ യേശുവിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നവനും അവനു സാക്ഷ്യം വഹിക്കുന്നവനും അവിടത്തെ പദ്ധതികള്‍ക്കനുസൃതം വര്‍ത്തമാനകാലത്ത് ജീവിക്കാനും നാളെയെ കെട്ടിപ്പടുക്കാനും സഹായിക്കുന്നവനാണ് പ്രവാചകന്‍.
'ഒരു പ്രവാചകന്‍ ദൈവത്തെ മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിക്കുന്ന ജീവനുള്ള ഒരു അടയാളമാണ്. ഒരു പ്രവാചകന്‍ തന്റെ സഹോദരീ സഹോദരന്മാരുടെ പാതയിലെ ക്രിസ്തുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനമാണ്. അതിനാല്‍ 'യേശുവിന്റെ സാക്ഷിയായി ഞാന്‍ ജീവിക്കുന്നുണ്ടോ' എന്ന് ശോധന ചെയ്യാന്‍ നിങ്ങളെ ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുന്നു' - പാപ്പാ പറഞ്ഞു. എന്റെ സാക്ഷ്യം എങ്ങനെയുള്ളതാണ്, എന്റെ പ്രവചനം എങ്ങനെയുള്ളതാണ് എന്ന് സ്വയം ചോദിക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു; ഒപ്പം ഒരു പ്രവാചകന്‍ ഭാവി പറയാന്‍ കഴിയുന്ന ഒരുതരം മാന്ത്രികനല്ല എന്നും ചൂണ്ടിക്കാട്ടി.
പ്രവാചകന്മാരുടെ രാജ്ഞിയായ മറിയാം, പരിശുദ്ധാരൂപി മറ്റുള്ളവരില്‍ വിതച്ച നന്മ കാണാനും സ്വീകരിക്കാനും ഞങ്ങളെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.