കൗമാരക്കാരന്റെ മരണം; ഫ്രാൻസിലെ പ്രക്ഷോഭത്തിന് ശമനം

കൗമാരക്കാരന്റെ മരണം; ഫ്രാൻസിലെ പ്രക്ഷോഭത്തിന് ശമനം

പാരിസ്: കൗമാരക്കാരൻ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭത്തിന് ശമനം. ഇന്നലെയും പലയിടത്തും പ്രതിഷേധമുണ്ടായെങ്കിലും അനിഷ്ടസംഭവങ്ങളിൽ കുറവു രേഖപ്പെടുത്തി. 160 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

അതിനിടെ പ്രതിഷേധങ്ങളുടെ പേരിൽ നടക്കുന്ന അക്രമങ്ങളെയും കൊള്ളകളെയും അപലപിച്ച് മേയർമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സമാധാന റാലികൾ നടന്നു. 45,000 പോലീസുകാരെയാണ് ക്രമസമാധാനപാലനത്തിനായി ഫ്രാൻസിലുടനീളം വിന്യസിച്ചത്. കലാപം ബാധിച്ച 220 നഗരങ്ങളിലെ മേയർമാരുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

അതിനിടെ നയേലിനെ വധിച്ച പൊലീസുകാരന്റെ കുടുംബത്തിന് സംഭാവനകളിലൂടെ 10 ലക്ഷം യൂറോയുടെ (8.9 കോടി രൂപ) സഹായധനം ലഭിച്ചു. വലതു പക്ഷക്കാരാണ് കുടുംബത്തിനു വേണ്ടി ഓൺലൈനായി പണം സമാഹരിച്ചത്. കുടുംബാംഗങ്ങളും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും പണപ്പിരിവിനെതിരെ രംഗത്തെത്തി. അതേ സമയം ഇതുവരെ ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭത്തില്‍ 3,200 ലധികം പേരെ അറസ്റ്റ് ചെയ്തു.

കഴി‍ഞ്ഞ ചൊവ്വാഴ്ചയാണ് വടക്കൻ ആഫ്രിക്കൻ വംശജനായ 17കാരൻ വെടിവയ്പ്പിൽ മരണപ്പെട്ടത്. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. പൊലീസിന് നേരെ നയീൽ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചത് തടയാനും അപകടത്തിൽ നിന്ന് രക്ഷപെടാനുമായാണ് വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നഹേലിന്റെ മുത്തശ്ശി പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.