കത്തോലിക്ക സഭയ്‌ക്കെതിരേ വീണ്ടും പ്രതികാര നടപടിയുമായി നിക്കരാഗ്വ ഭരണകൂടം; പുറത്താക്കിയ കന്യാസ്ത്രീകളുടെ മഠം കണ്ടുകെട്ടി

കത്തോലിക്ക സഭയ്‌ക്കെതിരേ വീണ്ടും പ്രതികാര നടപടിയുമായി നിക്കരാഗ്വ ഭരണകൂടം; പുറത്താക്കിയ കന്യാസ്ത്രീകളുടെ മഠം കണ്ടുകെട്ടി

മനാഗ്വേ: നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്യാസ ആശ്രമം കണ്ടുകെട്ടി. സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ആശ്രമമാണ് അധികാരികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. ഈ സന്യാസിനികളെ കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ പുറത്താക്കിയിരുന്നു.

ജൂലൈ നാലിനാണ് ആഭ്യന്തര മന്ത്രാലയം മുഖേന ഭരണകൂടം ആശ്രമം ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചത്. 2021 ഫെബ്രുവരി മുതല്‍ ഡയറക്ടര്‍ ബോര്‍ഡ് അതിന്റെ ബാധ്യതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മഠം സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. കോണ്‍വെന്റ് ഉള്‍പ്പെടെയുള്ള സഭയുടെ ആസ്തികള്‍ സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റുന്നത് അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം അറിയിച്ചു.

'നിക്കരാഗ്വയുടെ രാഷ്ട്രീയ ഭരണഘടന ജപ്തി ചെയ്യുന്നത് നിരോധിക്കുന്നു. എന്നാല്‍ 1980-കളിലെന്ന പോലെ സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഇത് ഇതിനകം ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു' - അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ മോളിന ചൂണ്ടിക്കാട്ടി.

ജൂലൈ രണ്ടി രാത്രിയാണ് കന്യാസ്ത്രീകളുടെ മഠത്തില്‍ പോലീസ് അതിക്രമിച്ചു കയറുകയും അവരെ പുറത്താക്കുകയും ചെയ്തത്. അവിടെ നിന്നും ഈ സഹോദരിമാര്‍ എല്‍ സാല്‍വദോറിലേക്കു പോയി. അവിടെ ഏറ്റവും ആവശ്യമുള്ളവരെ സേവിക്കുക എന്ന ദൗത്യം തുടരുമെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. 2016-ല്‍ ബ്രസീലില്‍ നിന്നാണ് ഈ സന്യാസിനിമാര്‍ നിക്കരാഗ്വയില്‍ എത്തിയത്.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ നിക്കരാഗ്വയില്‍നിന്നു പുറത്താക്കി ഒരു വര്‍ഷത്തിന് ശേഷമാണ് സമാനമായ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ പിന്നീട് കോസ്റ്റാറിക്കയിലെ തിലറന്‍-ലൈബീരിയ രൂപതയിലേക്കു സ്വാഗതം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.