സ്വീഡനില്‍ മതഗ്രന്ഥം കത്തിച്ച സംഭവം: പാകിസ്താനിലെ ക്രൈസ്തവര്‍ ഭീതിയില്‍; പ്രതികാരം വീട്ടുമെന്ന് ഭീകര സംഘടനകള്‍

സ്വീഡനില്‍ മതഗ്രന്ഥം കത്തിച്ച സംഭവം: പാകിസ്താനിലെ ക്രൈസ്തവര്‍ ഭീതിയില്‍; പ്രതികാരം വീട്ടുമെന്ന് ഭീകര സംഘടനകള്‍

ഇസ്ലാമാബാദ്: സ്വീഡനില്‍ ഇസ്ലാം മതഗ്രന്ഥം കത്തിച്ചതിന് പാകിസ്ഥാനില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വെള്ളിയാഴ്ച പ്രതിഷേധ ദിനവും ആചരിക്കും.

സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ക്രിസ്ത്യാനികളോട് 'പ്രതികാരം' വീട്ടുമെന്ന് ഭീകരസംഘടന ഭീഷണി മുഴക്കി. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ജാങ്വിയാണ് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചാവേര്‍ ബോംബാക്രമണം നടത്തുമെന്നു മുന്നറിയിപ്പ് നല്‍കിയത്. ഈ സംഘടനയ്ക്ക് പാകിസ്ഥാന്റെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ സംരക്ഷണമുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യ വ്യാപക പ്രതിഷേധത്തിന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുള്‍പ്പെടെ രാജ്യം മുഴുവന്‍ റാലികളില്‍ പങ്കെടുക്കണമെന്നും ഷഹബാസ് ഷെരീഫ് നിര്‍ദേശിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുമെന്നാണ് ഭീകര സംഘടനയുടെ മുന്നറിയിപ്പ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചാവേര്‍ ബോംബാക്രമണം നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ ദുര്‍ബല ന്യൂനപക്ഷ വിഭാഗത്തിലെ അംഗങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുകൊണ്ട് ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തുമെന്നുള്ള പ്രഖ്യാപനം പാകിസ്ഥാനിലെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിക്കാന്‍ സമാന ചിന്താഗതിക്കാരായ തീവ്രവാദ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സംഘടന പറയുന്നുണ്ട്. ഒരു പള്ളിയോ ക്രിസ്ത്യാനിയോ പാകിസ്ഥാനില്‍ സുരക്ഷിതമായി തുടരില്ലെന്ന് ലഷ്‌കര്‍-ഇ-ജാങ്വി വക്താവ് നസീര്‍ റെയ്‌സാനി പ്രസ്താവനയില്‍ ഭീഷണിപ്പെടുത്തി.

അതേസമയം, ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള ഭീഷണിയെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്.

സ്വീഡനില്‍ നടന്ന സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പയും വേദന പങ്കുവച്ചിരുന്നു. ഒരു മതം പവിത്രമായി കരുതുന്ന ഗ്രന്ഥം, ആ സമൂഹത്തിലെ വിശ്വാസികളോടുള്ള ബഹുമാനം നിമിത്തം ആദരിക്കപ്പെടണമെന്നും അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ നിന്ദിക്കുന്നതിനുള്ള കാരണമായി ഉപയോഗിക്കരുതെന്നും ഇത് അനുവദിക്കുന്നത് നിരസിക്കുകയും അപലപിക്കുകയും ചെയ്യണമെന്നും പാപ്പാ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഒരാള്‍ ചെയ്ത പ്രവൃത്തിയുടെ പേരില്‍ പാകിസ്ഥാനിലെ മുഴുവന്‍ ക്രൈസ്തവരും തീ തിന്നു കഴിയുകയാണ്.

മതഗ്രന്ഥം കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ഭീഷണികളെതുടര്‍ന്ന് പാകിസ്ഥാനിലെ നിരവധി കത്തോലിക്കാ സഭാ നേതാക്കള്‍ സര്‍ക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (എന്‍സിജെപി) എന്നിവയാണ് ക്രൈസ്തവര്‍ക്കു സംരക്ഷണം ഒരുക്കണമെന്ന് പ്രധാനമായും ആവശ്യപ്പെട്ടത്.

ചാവേര്‍ ആക്രമണം നടത്തി പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ പാകിസ്ഥാന്‍ ക്രിസ്ത്യാനികള്‍ക്ക് നരകമായി തീരുമെന്നും എന്‍സിജെപി പറയുന്നു.

സ്വീഡനില്‍ നടന്ന ഖേദകരമായ സംഭവത്തെ പാകിസ്ഥാനിലെ സഭ അപലപിക്കുന്നതായി ബിഷപ്പ് കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നയീം യൂസഫ് ഗില്‍ പറഞ്ഞു. 'ഒരു മതന്യൂനപക്ഷമെന്ന നിലയില്‍, ഞങ്ങള്‍ സാഹോദര്യത്തിലും സമാധാനത്തിലും ജീവിക്കുന്നു, എല്ലായ്‌പ്പോഴും ഭൂരിപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്' - ഗില്ലിനെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫൈസലാബാദ് രൂപതയിലെ എല്ലാ വൈദികരോടും അവരുടെ ഇടവകകളുടെയും കോണ്‍വെന്റുകളുടെയും സ്‌കൂളുകളുടെയും മറ്റ് വകുപ്പുകളുടെയും സുരക്ഷയ്ക്കായി അതത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതായി ഫാ. ഖാലിദ് റാഷിദ് പറഞ്ഞു. 20 വര്‍ഷത്തിലേറെയായി പാകിസ്ഥാന്‍ ക്രിസ്ത്യാനികള്‍ ഭീകരാക്രമണത്തിന് ഇരയാകുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.