ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ അവധി: മൂന്ന് ദിവസം കൂടി മഴ ശക്തമാകും

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ അവധി: മൂന്ന് ദിവസം കൂടി മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മറ്റു സർവകലാശാലാ, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലും പ്രഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്നതിനാൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകൾ തകർന്നു. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. 

വരും മണിക്കൂറിൽ സംസ്ഥാനത്ത് 55 കിലോമീറ്റർ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ചെറിയ ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴമേഘങ്ങൾക്കും സാധ്യത തുടരുകയാണ്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും നിർദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.