ക്ഷമ പഠിപ്പിച്ചു നല്‍കിയ വിശുദ്ധ മരിയ ഗൊരേത്തി

ക്ഷമ പഠിപ്പിച്ചു നല്‍കിയ വിശുദ്ധ മരിയ ഗൊരേത്തി

ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും വരുമ്പോള്‍ സൃഷ്ടാവിനെ പഴി പറയുകയും കുറ്റം പറയുകയും ചെയ്യുന്ന മനുഷ്യരില്‍ നിന്ന് വ്യത്യസ്തയായിരുന്നു വിശുദ്ധ മരിയ ഗൊരേത്തി. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മരിയ എങ്ങനെയാണ് വിശുദ്ധയായത്? അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ ക്ഷമ. ക്ഷമ ബലമാകണം എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപക്ഷേ മരിയയുമായി ബന്ധപ്പെടുത്തിയാവാം ക്ഷമയാണ് ബലം എന്നുള്ള തത്വം പുതുതലമുറയോട് നമ്മുടെ പ്രായമുള്ളവര്‍ ഒരു ഉപദേശമായി പറഞ്ഞു തരുന്നത്.

തന്നെ ജീവിതത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനോട് ചെറുത്തുനിന്ന മരിയയെ കൈയില്‍ കരുതിയ കഠാര കൊണ്ട് അയാള്‍ നെഞ്ചില്‍ കുത്തി മരണത്തിന് വിട്ടുകൊടുത്തു. എന്നാല്‍ മരണത്തിന് തൊട്ടുമുമ്പും മരിയ കര്‍ത്താവ് ഈശോയുടെ വാക്കുകളാണ് ഹൃദയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. അതാണ് ക്ഷമ. മരിയ ചെറുപ്പക്കാരനോട് ക്ഷമിച്ചെന്നാണ് ചരിത്ര രേഖകള്‍.

തന്റെ രക്ഷകനായ ഈശോയും ഈശോയെ ഉപദ്രവിച്ചവരെ സ്‌നേഹിക്കുകയും കരുതുകയും ചെയ്ത പാരമ്പര്യം നമുക്ക് ഏവര്‍ക്കും വിശുദ്ധ വേദപുസ്തകത്തില്‍ നിന്ന് വ്യക്തമാണ്. ഈശോയെ ആധ്യാത്മിക ഗുരുവായിട്ട് സ്വീകരിച്ച വി. മരിയയും ആ പാതയാണ് പിന്തുടര്‍ന്നത്. നമ്മുടെ ഈ സമൂഹത്തില്‍ ഇന്നത്തെ ഈ കാലഘട്ടത്തില്‍ എത്രമാത്രം ക്ഷമക്ക് പ്രാധാന്യം ഉണ്ടെന്ന് തിരിച്ചറിയണം.

1950 ജൂണ്‍ 25നാണ് മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. അന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് മുകളില്‍ മുമ്പിലുള്ള തുറന്ന സ്ഥലത്ത് വച്ചായിരുന്നു ഈ ചടങ്ങ് നടത്തപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് വത്തിക്കാനില്‍ തുറസായ സ്ഥലത്ത് ഈ ചടങ്ങ് നടത്തപ്പെട്ടത്.

12 വയസ്സുള്ളപ്പോഴാണ് മരിയയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധമായ പരീക്ഷ നേരിടേണ്ടി വന്നത്. 1902ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കാന്‍ വേണ്ടി ധീരമായ ചെറുത്ത് നില്‍പ്പിലൂടെ ജീവന്‍ വെടിയേണ്ടി വന്നത്.

1890 ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡോയില്‍ വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു കുടുംബത്തിലായിരുന്നു ജനനം. വളരെയധികം കഷ്ടത അനുഭവിച്ച ജീവിതം സന്തോഷമായിട്ട് മുന്നോട്ട് കൊണ്ടുപോയ ഒരു ബാല്യകാലമായിരുന്നു വി. മരിയയുടെ. കര്‍ത്താവിന്റെ മഹത്വം എന്നില്‍ ഉള്ളടത്തോളം കാലം എനിക്ക് ഭയപ്പെടേണ്ടതായി വന്നിട്ടില്ല; അതാണ് എന്റെ ശക്തിയെന്ന് ലോകത്തോട് സധൈര്യം വിളിച്ചുപറഞ്ഞ വിശുദ്ധ.

ജീവിതത്തിന്റെ പച്ചപ്പില്‍ മാത്രമല്ല; ജീവിതമാകുന്ന മരുഭൂയാത്രയില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ അവയെ തരണം ചെയ്തു മുന്നോട്ടു പോകാന്‍ ഇന്നത്തെ പുതുതലമുറയ്ക്ക് തീര്‍ച്ചയായും വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവചരിത്രം വലിയ മാതൃക തന്നെയാണ്.

ശുദ്ധതയെന്ന പുണ്യത്തിന്റെ ആധുനിക രക്തസാക്ഷിയാണ് വിശുദ്ധ മരിയ ഗൊരേത്തി. പുതുതലമുറ അന്വര്‍ത്ഥമാക്കേണ്ട ജീവിതം. കാലിക പ്രസക്തിയുള്ള ഇക്കാലത്ത് വിശുദ്ധ മരിയ ഗൊരേത്തിയുടെ ജീവിതം യുവ സമൂഹം കണ്ടു മനസിലാക്കണം. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ആവശ്യകത എത്രത്തോളമാണെന്ന് നമ്മുടെ ജീവിത സാഹചര്യം പഠിപ്പിച്ചു തരുമ്പോള്‍ വിമുഖത കാട്ടരുത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.