കുട്ടികളെ ദത്തു നല്‍കിയ ശേഷം ഡിഎന്‍എ പരിശോധന; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

 കുട്ടികളെ ദത്തു നല്‍കിയ ശേഷം ഡിഎന്‍എ പരിശോധന; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കുട്ടികളെ നിയമപ്രകാരം ദത്തു നല്‍കിയശേഷം ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിളുകള്‍ ശേഖരിക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടാകുന്ന കുട്ടികളുടെ കാര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്.

പീഡനക്കുറ്റം തെളിയിക്കാന്‍ അതിജീവിതയ്ക്കുണ്ടാകുന്ന കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്നാണ് ക്രിമിനല്‍ നിയമത്തില്‍ ഈയിടെയുണ്ടായ ഭേദഗതി. വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും കുട്ടിയുടെ സ്വകാര്യത ലംഘിക്കാനാവില്ല. 2022 ലെ ദത്തെടുക്കല്‍ റെഗുലേഷന്‍സ് പ്രകാരം ബന്ധപ്പെട്ട ഏജന്‍സികളും അധികൃതരും ദത്തെടുക്കല്‍ രേഖകളുടെ രഹസ്യാത്മകത ഉറപ്പാക്കണമെന്ന് ഭേദഗതിയില്‍ പറയുന്നു.

ദത്തു നല്‍കിയ ശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിംമ്‌സ് റൈറ്റ്‌സ് സെന്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21 ന് പരിഗണിക്കാനായി മാറ്റി. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി മേനോന്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.