'മത്സരമാവാം, എന്നാല്‍ ചതി പാടില്ല': ത്രെഡ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

'മത്സരമാവാം, എന്നാല്‍ ചതി പാടില്ല': ത്രെഡ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

വാഷിങ്ടണ്‍: മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ 'ത്രെഡ്സ്' വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ പ്രതിയോഗിയായി വിലയിരുത്തപ്പെടുന്ന ആപ്പ് ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മെറ്റയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ട്വിറ്റര്‍ തലവന്‍ ഇലോണ്‍ മസ്‌ക്.

ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ട്വിറ്റര്‍ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. സ്വന്തം അഭിഭാഷകന്‍ അലെക്സ് സ്പിറോ വഴിയാണ് ട്വിറ്റര്‍ സി.ഇ.ഒ മസ്‌ക് നോട്ടീസ് നല്‍കിയത്.

ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ രഹസ്യാത്മകമായ വിവരങ്ങള്‍ ത്രെഡ്സിലൂടെ ചോര്‍ത്തിയതായും ആരോപണമുണ്ട്. തങ്ങളുടെ ഡിസൈനും ഘടനയും പ്രവര്‍ത്തനരീതിയിലുമെല്ലാം അപ്പാടെ പകര്‍ത്തിയിരിക്കുകയാണ് ത്രെഡ്സിലെന്നാണ് ട്വിറ്റര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

ട്വിറ്റര്‍ ജീവനക്കാരായിരുന്ന നിരവധി പേരെ ത്രെഡ്സ് കമ്പനിയിലെടുത്തിട്ടുണ്ടെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. ട്വിറ്ററിന്റെ വ്യാപാര രഹസ്യവും അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങളുമെല്ലാം അറിയുന്നവരാണ് ഇവര്‍. കമ്പനിയുടെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരില്‍ പലരും തിരിച്ചു നല്‍കിയിട്ടില്ല. ഇതേ ആളുകളെയാണ് ബോധപൂര്‍വം ത്രെഡ്സ് വികസിപ്പിക്കാന്‍ മെറ്റ ഏല്‍പിച്ചിരിക്കുന്നത്. ഇവരാണ് വെറും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ 'ഈച്ചക്കോപ്പി' പോലെ ത്രെഡ്സ് തട്ടിക്കൂട്ടിയിരിക്കുന്നതെന്നും ട്വിറ്ററിന്റെ വ്യാപാരരഹസ്യം വ്യവസ്ഥാപിതവും ബോധപൂര്‍വവും നിയമവിരുദ്ധവുമായി ദുരുപയോഗപ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

കത്ത് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മത്സരമൊക്കെയാകാം, വഞ്ചന പാടില്ലെന്ന കുറിപ്പുമായാണ് കത്തിന്റെ പകര്‍പ്പ് മസ്‌ക് പോസ്റ്റ് ചെയ്തത്. ട്വിറ്ററിന്റെ കത്തിനെക്കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്വിറ്ററിന് ഭീഷണിയായെത്തിയ ത്രെഡ്സ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ്. ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ആപ്പ് ഒരു കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം സ്വന്തമാക്കി. 'ട്വിറ്റര്‍ കില്ലര്‍' എന്നാണ് ത്രെഡ്സിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.