വാഷിങ്ടണ്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള രാസായുധ ശേഖരം അമേരിക്ക പൂര്‍ണ്ണമായും നശിപ്പിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള രാസായുധ കണ്‍വെന്‍ഷന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റിക്കൊണ്ടാണ് തീരുമാനം.
'ഇന്ന്, രാസായുധ ശേഖരത്തിലെ അവസാന യുദ്ധോപകരണങ്ങള്‍ അമേരിക്ക സുരക്ഷിതമായി നശിപ്പിച്ചതായി പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മുക്തമായ ഒരു ലോകത്തിലേക്ക് ഞങ്ങളെ ഒരു പടി അടുപ്പിക്കുന്നതാണ് ഈ തീരുമാനമെന്നാണ് ജോ ബൈഡന്റെ നിലപാട്.
രാസായുധങ്ങളുടെ കണ്‍വെന്‍ഷനില്‍ ഒപ്പിട്ട അവസാനത്തെ രാജ്യമാണ് അമേരിക്ക. 'പ്രഖ്യാപിത ശേഖരം നശിപ്പിക്കുക എന്ന ദൗത്യം തങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ചില രാജ്യങ്ങള്‍ രാസായുധങ്ങളുടെ രഹസ്യ ശേഖരം സൂക്ഷിക്കുന്നുവെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ രാസായുധങ്ങളും നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായ ജാഗ്രത വേണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കെന്റക്കിയിലെ യുഎസ് ആര്‍മി ഫെസിലിറ്റിയായ ബ്ലൂ ഗ്രാസ് ആര്‍മി ഡിപ്പോ, 500 ടണ്‍ മാരകമായ രാസ വസ്തുക്കള്‍ നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കിയ ശേഷമാണ് പ്രഖ്യാപനം വന്നത്. വിഷവാതകങ്ങള്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങളുടെയും പീരങ്കി പ്രൊജക്‌റ്റൈലുകളുടെയും റോക്കറ്റുകളുടെയും ശേഖരങ്ങള്‍ പതിറ്റാണ്ടുകളായി അമേരിക്ക കൈവശം വച്ചിരുന്നു. ഒന്നാം ലോകമഹാ യുദ്ധത്തില്‍ ഇത്തരം ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതിന് ശേഷം വലിയ പ്രത്യാഘാതങ്ങളുണ്ടായി. പിന്നീടുള്ള വര്‍ഷങ്ങളിലും പല രാജ്യങ്ങളും അവ നിലനിര്‍ത്തുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു.
1993 ല്‍ അംഗീകരിച്ച് 1997 ല്‍ പ്രാബല്യത്തില്‍ വന്നതാണ് രാസായുധ കണ്‍വെന്‍ഷന്‍. ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റ് രാജ്യങ്ങള്‍ ഇതിനകം തന്നെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന രാസായുധങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്ന് രാസായുധ നിരോധന സംഘടനയുടെ (ഒ.പി.സി.ഡബ്ല്യൂ) തലവന്‍ ഫെര്‍ണാണ്ടോ ഏരിയസ് മേയില്‍ പറഞ്ഞു.
ഇതോടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ ശേഷിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാസായുധ നിരോധന സംഘടനയുടെ മേല്‍നോട്ടത്തില്‍ ലോകത്തിലെ ഏറ്റവും അപകടകരമായ 70,000 ടണ്ണിലധികം വിഷങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് ഏരിയസ് മേയില്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, 1990 ല്‍ അമേരിക്ക ഏകദേശം 28,600 ടണ്‍ രാസായുധങ്ങള്‍ കൈവശം വച്ചിരുന്നു. റഷ്യ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശേഖരമാണ് അമേരിക്കയുടേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.