മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമായി

മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം : ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് തുടങ്ങുന്ന തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമായി. റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര തിങ്കളാഴ്ച സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30 ന് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് സഭാതല സമിതിയും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാസന സമിതികള്‍ സംയുക്തമായി നേതൃത്വം നല്‍കും. ഞായറാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കുന്ന പദയാത്ര തുടര്‍ന്ന് അടൂര്‍, കൊട്ടാരക്കര, ആയൂര്‍, പിരപ്പന്‍കോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും. മാര്‍ഇവാനിയോസിന്റെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവില്‍ നിന്ന് ഞായറാഴ്ച ആരംഭിക്കുന്ന പദയാത്ര മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജ്വോഷ്യാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പദയാത്ര കറ്റാനം, പഴകുളം, കടമ്പനാട്, പുത്തൂര്‍, കല്ലുവാതുക്കല്‍ ആറ്റിങ്ങല്‍ വഴി 14 ന് വൈകിട്ട് കബറിങ്കല്‍ എത്തിച്ചേരും.

തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ഞായറാഴ്ച രാവിലെ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഏഴിന് മൂവാറ്റുപുഴയില്‍ നിന്ന് ബിഷപ്പ് യൂഹോനോന്‍ മാര്‍ തിയഡോഷ്യസാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. ഈ പദയാത്രകള്‍ 11 ന് വൈകിട്ട് അടൂരില്‍ പ്രധാന പദയാത്രയോട് ചേരും.

13 ന് മാര്‍ത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്ര ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസും, പാറശ്ശാലയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസും ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് പുത്തൂര്‍, പൂന, ഒഡീഷ, ന്യൂഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ 14 ന് രാവിലെ പിരപ്പന്‍കോട് നിന്ന് പ്രധാന പദയാത്രയോട് ചേരും.

14 ന് വൈകിട്ട് അഞ്ചിന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തിച്ചേരും. വള്ളിക്കുരിശ് വഹിച്ചും കാഷായ വസ്ത്രം ധരിച്ചുമാണ് തീര്‍ത്ഥാടകര്‍ പദയാത്രയില്‍ അണിചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.