കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം ജൂലൈ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ലീഗ് വ്യക്തമാക്കി.
ഏക സിവില്‍ കോഡ് വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അത് ഒരു ദേശീയ വിഷയമാണ്. മുസ്ലിം സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്. ബില്ലിനെ പരാജയപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ വേണ്ടി വരും എന്നാണ് മുസ്ലിം സംഘടനകളുടെ തീരുമാനമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
ലീഗ് യുഡിഎഫിന്റെ ഏറ്റവും വലിയ ഘടക കക്ഷിയാണ്. യുഡിഎഫിനാണ് ഇതില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നത്. സിപിഎം ക്ഷണിച്ചത് ലീഗിനെ മാത്രമാണ്. മറ്റ് പാര്‍ട്ടികളെ ക്ഷണിച്ചില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ല. സംഘടനകള്‍ക്ക് പങ്കെടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. അത് കൊണ്ട് സമസ്ത പങ്കെടുക്കുന്നത് വിവാദം ആക്കേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ഒരു പ്രതിഷേധത്തില്‍ ലീഗ് പങ്കെടുക്കില്ല. സെമിനാറില്‍ പങ്കെടുക്കുക അല്ല, ബില്ലിനെ പരാജയപ്പെടുത്തുക ആണ് പ്രധാനം. ബില്ലിനെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വേണമെന്നും ലീഗ് വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനമായി.
സെമിനാറിലേക്ക് ലീഗിനെയും സമസ്തയെയും സിപിഎം ക്ഷണിച്ചത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ലീഗ് മുന്നണി മാറ്റത്തിന് തയാറെടുക്കുന്നു എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു സിപിഎമ്മിന്റെ ക്ഷണം.
മുസ്ലിം ലീഗുമായി തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നലെ വീണ്ടും ആവര്‍ത്തിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കാനാണ് ലീഗ് തീരുമാനമെങ്കില്‍ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് ചൂടേറുമായിരുന്നു.
തീരുമാനമെടുക്കുന്നതിന് മുന്‍പേ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത പ്രഖ്യാപിച്ചതും ലീഗിനെ വെട്ടിലാക്കിയിരുന്നു. ലീഗിന്റെ അടിത്തറയാണ് സമസ്തയുടെ അണികളായ ഇ.കെ വിഭാഗം. സിപിഎം ബന്ധത്തിന്റെ പേരില്‍ സമസ്ത നേതൃത്വവും ലീഗും തമ്മില്‍ തര്‍ക്കങ്ങളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.