കരുണാകരന്റെ ശൈലിയാണ് ഇന്നത്തെ കോണ്‍ഗ്രസിന് ആവശ്യമെന്ന് കെ. മുരളീധരന്‍

കരുണാകരന്റെ ശൈലിയാണ് ഇന്നത്തെ  കോണ്‍ഗ്രസിന് ആവശ്യമെന്ന് കെ. മുരളീധരന്‍

കൊച്ചി: രാജ്യത്ത് ബിജെപിയുടെ അപകടകരമായ വളര്‍ച്ച തടയാന്‍ കരുണാകരനെ പോലെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് കെ മുരളീധരന്‍ എംപി. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്.

കെ.കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തില്‍ എത്തിനോക്കാന്‍ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്. ലീഡറുടെ മരണശേഷമാണ് വര്‍ഗീയ ശക്തികള്‍ തലപൊക്കി തുടങ്ങിയതെന്നും മകന്‍ മുരളീധരന്‍ കെ. കരുണാകരന്റെ പത്താം ചരമ വാര്‍ഷിക ദിനമായ ഇന്ന് തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചു.

മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അച്ഛന്റെ ഓര്‍മ്മദിനമാണിന്ന്. അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്. ശ്രീ.കെ.കരുണാകരന്റെ വിയോഗം കോണ്‍ഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണ്. വ്യക്തിപരമായി അതെന്റെ ജീവിത നഷ്ടമാണ്. വര്‍ഗീയശക്തികളെ വളരാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. കെ.കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തില്‍ എത്തിനോക്കാന്‍ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്.

ലീഡറുടെ മരണശേഷമാണ് വര്‍ഗീയശക്തികള്‍ തലപൊക്കി തുടങ്ങിയത്. രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്പോള്‍ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓര്‍ത്തു പോവുകയാണ്. ശക്തമായ നിലപാടുകളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്. ആ കരുണാകര ശൈലിയാണ് ഇന്നത്തെ കോണ്‍ഗ്രസിന് ആവശ്യം.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു..സംരക്ഷിച്ചു... അച്ഛന്റെ ഓര്‍മ്മകള്‍ പോലും വര്‍ഗീയതയെ ഭയപ്പെടുത്തും. ജനവിരുദ്ധ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള പ്രതിജ്ഞയാണ് ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല തീരുമാനം.

ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കരുത്ത് പകരുന്നത് അച്ഛന്‍ തന്നെയാണ്. അദ്ദേഹം തെളിച്ച പാതയിലൂടെയായിരിക്കും എന്നുമെന്റെ സഞ്ചാരം. അച്ഛന്റെ അനശ്വരമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിറ മിഴികളോടെ പ്രണാമം അര്‍പ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.