ഗവര്‍ണറെ തിരിച്ച് വിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സ്റ്റാലിന്‍

ഗവര്‍ണറെ തിരിച്ച് വിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സ്റ്റാലിന്‍

ചെന്നൈ: ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചുള്ള കത്തില്‍ സംസ്ഥാനത്ത് അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും ഉള്‍പ്പെടുത്തി.  

സംസ്ഥാനത്ത് ജനങ്ങള്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മന്ത്രി സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായി പിരിച്ച് വിടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കുകയും ചെയ്ത നടപടി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. 

പാസാക്കാത്ത ബില്ലുകളുടെ പട്ടികയും അഴിമതിക്കേസുകളില്‍ മുന്‍ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതും പറയുന്നുണ്ട്. 

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ് ഗവര്‍ണറുടേത്. അദ്ദേഹം മതേതരത്വത്തില്‍ വിശ്വസിക്കുന്നില്ല. മതത്തെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളിലൂടെ തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ആക്ഷേപിക്കുകയും ജനങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നു.

തമിഴ്‌നാടിന്റെ പേരു മാറ്റണമെന്ന നിര്‍ദേശം തന്നെ സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെളിവാക്കുന്നതാണ്. ഗവര്‍ണര്‍ എന്ന ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ആര്‍.എന്‍. രവി തുടരുന്നത് അഭികാമ്യമാണോ എന്നത് രാഷ്ട്രപതി തീരുമാനിക്കണമെന്നും 19 പേജുള്ള കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രാജ്ഭവന്‍ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.