പറക്കാനൊരുങ്ങി റിയാദ് എയർ, പൈലറ്റുള്‍പ്പടെയുളള ജോലിയ്ക്കായി അപേക്ഷിക്കാം

പറക്കാനൊരുങ്ങി റിയാദ് എയർ, പൈലറ്റുള്‍പ്പടെയുളള ജോലിയ്ക്കായി അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയറില്‍ ജോലി ഒഴിവുകള്‍. 2025 ഓടെ പൂർണതോതില്‍ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ് റിയാദ് എയർ. ഇതിന് മുന്നോടിയായാണ് പൈലറ്റ് അടക്കമുളള വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നത്.

തങ്ങളുടെ ടീമിലേക്കുളള ആദ്യസംഘം പൈലറ്റുമാരെ ക്ഷണിക്കുകയാണെന്ന് റിയാദ് എയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പീറ്റർ ബെല്ല്യൂ പറഞ്ഞു. ബോയിംഗ് 787-0 അല്ലെങ്കില്‍ ബോയിംഗ് 777 എന്നീ വിമാനങ്ങളില്‍ ജോലി ചെയ്ത് പരിചയമുളളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കി റിയാദ് എയറിന്‍റെ ആദ്യ പൈലറ്റുമാരായി ജോലി തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ പിഐഎഫ് ( പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്) ഫണ്ടിലൂടെ ആരംഭിച്ച എയർലൈന്‍ 72 ബോയിംഗ് വിമാനങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുളളത്. സർവ്വീസ് നടത്തുന്നതിനായി 39 വിമാനങ്ങളും അതോടൊപ്പം 33 അധിക വൈഡ് ബോഡി 787 -9 ഡ്രീംലൈനർ വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2030 ഓടെ 100 ഓളം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താനും 330 ദശലക്ഷം യാത്രാക്കാർക്ക് യാത്രാസൗകര്യമൊരുക്കാനുമാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ജോലി അഭിമുഖം 2023 സെപ്റ്റംബറോടെ ആരംഭിക്കും. 2024 ജനുവരിയില്‍ റിയാദ് എയർ പ്രവർത്തനം തുടങ്ങും. അടുത്ത മൂന്ന് വർഷത്തിനുളളില്‍ 700 പൈലറ്റുമാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും താല്‍പര്യമുളളവർക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ സമർപ്പിക്കാമെന്നും ബെല്ല്യൂ അറിയിച്ചു.

കോവിഡ് കാലത്തിന് ശേഷം വ്യോമയാന മേഖലയില്‍ വലിയ കുതിപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. 2022-23 വർഷത്തില്‍ ദുബായുടെ വിമാനകമ്പനിയായ എമിറേറ്റ്സ് 17160 പേരെയാണ് നിയമിച്ചത്. കാബിന്‍ ക്രൂ, പൈലറ്റ്സ്, എഞ്ചിനീയർ ഉള്‍പ്പടെയുളള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുമുണ്ട് എമിറേറ്റസ്. ഫ്ളൈ ദുബായും പുതുതായി 1000 ജീവനക്കാരെ നിയമിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.