മണിപ്പൂര്‍ അക്രമം ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് വാക്കാല്‍ പരാമര്‍ശം

മണിപ്പൂര്‍ അക്രമം ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് വാക്കാല്‍ പരാമര്‍ശം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്നു വരുന്ന അക്രമങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വാക്കാല്‍ പരാമര്‍ശം നടത്തി. മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാന്‍ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തിരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മണിപ്പൂര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. പക്ഷപാതപരമായ വിഷയമല്ലിതെന്നും മാനുഷിക വിഷയമാണെന്നും ഓര്‍മ്മ വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.

സംസ്ഥാനത്തെ ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാന്‍ സുപ്രീംകോടതിക്ക് സാധിക്കില്ലെന്ന് കോടതി വിലയിരുത്തി. എന്നാല്‍, സുരക്ഷയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കോടതിക്ക് ഇടപെടാനാകുമെന്നും വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ് മൂന്നിന് ആരംഭിച്ച അക്രമം മണിപ്പൂരില്‍ കഴിഞ്ഞ 69 ദിവസമായും തുടരുകയാണ്. കുക്കി- മെയ്തേയി വിഭാഗങ്ങള്‍ക്കിടെയിലെ തര്‍ക്കം ആഭ്യന്തര കലാപമായി മാറുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത ചര്‍ച്ചയാകുന്നുമുണ്ട്. വംശീയ കലാപത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഓരോ ദിവസം കഴിയുന്തോറും സമാധാന ശ്രമങ്ങള്‍ പോലും ഫലം കാണുന്നില്ല. മണിപ്പൂര്‍ ജനതയ്ക്ക് സമാധാനം തിരികെ നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുമോ എന്നല്ലേ ഇന്ത്യയുടെ പരമോന്നത നീതിപീഠം ചോദിക്കാതെ ചോദിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.