സ്‌റ്റോക്‌ഹോം: നാറ്റോയില്‍ അംഗത്വത്തിനു ശ്രമിക്കുന്ന സ്വീഡനെ പിന്തുണയ്ക്കാനുള്ള നിര്‍ണായക നീക്കവുമായി തുര്‍ക്കി. സ്വീഡന് അംഗത്വം നല്‍കുന്നതിനെ തുര്‍ക്കി വീറ്റോ ചെയ്യില്ലെന്ന് പ്രസിഡന്റ് റജ്ബ് തയ്യിപ് എര്‍ദോഗന്‍ ഉറപ്പുനല്‍കിയതായി നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി. ലിത്വേനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ ഇന്നു മുതല്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിനിടെയാണ് ഒരു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ടുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഉറപ്പ് ലഭിച്ചത്.
സ്വീഡന് അനുകൂലമായി തീരുമാനമെടുക്കാന്‍ തുര്‍ക്കി പാര്‍ലമെന്റിനോട് പ്രമേയത്തിലൂടെ അനുമതി തേടുമെന്ന് എര്‍ദോഗന്‍ ഉറപ്പുനല്‍കി. നാറ്റോ ജനറല്‍ സെക്രട്ടറി, എര്‍ദോഗന്‍, സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റോഷന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 'പ്രസിഡന്റ് എര്‍ദോഗന്‍ സ്വീഡന്റെ അംഗത്വത്തിന് അനുമതി നല്‍കുന്നതുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ട്. പാര്‍ലമെന്റിലെ പ്രമേയ നടപടിക്രമങ്ങളിലേക്ക് തുര്‍ക്കി ഉടന്‍ കടക്കും '' - സ്റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ മേധാവി ചാള്‍സ് മിഷേലുമായും എര്‍ദോഗന്‍ കൂടിക്കാഴ്ച നടത്തി. ഏറെക്കാലമായി തുര്‍ക്കിയുടെ ആവശ്യമാണ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം. ഇക്കാര്യത്തില്‍ സ്വീഡന്റെ പിന്തുണയെന്ന ഉപാധി തുര്‍ക്കി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ പുറത്തുവിട്ട പ്രസ്താവന പ്രകാരം തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് സ്വീഡന്റെ പിന്തുണയുണ്ടാകുമെന്നാണ് പ്രഖ്യാപനം.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വമെന്നത് നേരത്തെ മുതല്‍ തുര്‍ക്കിയുടെ ആവശ്യമാണ്. എന്നാല്‍ സ്വീഡന്റെ നാറ്റോ അംഗത്വവും തുര്‍ക്കിയുടെ ഇ.യു അംഗത്വവും രണ്ട് ധ്രുവങ്ങളിലുള്ള വിഷയങ്ങളാണെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനുള്ളത്.
സ്വീഡന്‍ നാറ്റോയുടെ ഭാഗമാകുന്നത് അനുവദിക്കണമെങ്കില്‍ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന് തുര്‍ക്കി നേരത്തെ കടുത്ത നിലപാട് എടുത്തിരുന്നു. കുര്‍ദ് ഗ്രൂപ്പുകളെ സ്വീഡന്‍ പിന്തുണയ്ക്കുന്നുവെന്നതാണ് തുര്‍ക്കിയുടെ എതിര്‍പ്പിന് പ്രധാന കാരണം. എര്‍ദോഗാന്റെ നിലപാടിനെതിരെ സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തുര്‍ക്കി എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ മതഗ്രന്ഥത്തിന്റെ പകര്‍പ്പ് കത്തിച്ചത് ഇരുകൂട്ടര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പോലും വഷളാകുന്ന വിധത്തിലേക്കു കാര്യങ്ങള്‍ മാറി.
വലിയൊരു മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറെനാളായുള്ള ലക്ഷ്യമാണ് സാധ്യമാകാന്‍ പോകുന്നത്. നാറ്റോ അംഗത്വമെന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് തുര്‍ക്കിയുടെ ഉറപ്പ്'' - സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞു. 'നാറ്റോയിലെ 32-ാം അംഗമായി സ്വീഡനെ സ്വാഗതം ചെയ്യുന്നു' - എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ചരിത്രപരമായ ദിനമെന്നും എല്ലാവരേയും കൂടുതല്‍ സുരക്ഷിതരാക്കുന്ന നീക്കമെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തീരുമാനത്തെ വിശേഷിപ്പിച്ചത്.
നാറ്റോ സൈനിക സഖ്യരാജ്യങ്ങളുടെ 74ാമത് ഉച്ചകോടിയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വില്‍നിയസില്‍ നടക്കുന്നത്. അംഗമെന്ന നിലയില്‍ ഫിന്‍ലന്‍ഡിന്റെ ആദ്യ ഉച്ചകോടിയാണിത്
എന്താണ് നാറ്റോ?
നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ ചുരുക്കമാണ് നാറ്റോ. 1949ല്‍ രൂപംകൊടുത്ത സൈനികസഖ്യത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഇറ്റലി, ഐസ്ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങള്‍. അംഗരാജ്യങ്ങളില്‍ ഏതിനെങ്കിലുംനേരെ സായുധാക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.