ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് രണ്ടര വയസുകാരനെ കാണാതായി; ഹെലികോപ്റ്ററില്‍ നിന്ന് അമ്മയുടെ ശബ്ദ സന്ദേശം കേള്‍പ്പിച്ച് തിരച്ചില്‍

ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് രണ്ടര വയസുകാരനെ കാണാതായി; ഹെലികോപ്റ്ററില്‍ നിന്ന് അമ്മയുടെ ശബ്ദ സന്ദേശം കേള്‍പ്പിച്ച് തിരച്ചില്‍

പാരീസ്: യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് കാണാതായ രണ്ടര വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ഹെലികോപ്റ്ററും ഡ്രോണും ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളാണ് തിരച്ചിലിനായി ഉള്ളത്. ഫ്രഞ്ച് പൊലീസും സൈനികരും തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.

എമിലി എന്ന രണ്ടര വയസുകാരനെയാണ് കാണാതായത്. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തില്‍ ഹൗത്-വെര്‍നെറ്റ എന്ന ഫ്രഞ്ച് ഗ്രാമത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് എമിലി താമസിച്ചിരുന്നത്. 25 നിവാസികള്‍ മാത്രമുള്ള വിദൂരമായ ഗ്രാമീണ മേഖലയാണിത്. കുട്ടി ഒറ്റയ്ക്ക് നടന്നു പോകുന്നത് അയല്‍വാസികളായ രണ്ട് പേര്‍ കണ്ടിരുന്നു. ഇവര്‍ കൈമാറിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

തങ്ങള്‍ പ്രതീക്ഷയിലാണെന്നും, കുട്ടിയെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മാര്‍ക് ഷാപ്പിയസ് വ്യക്തമാക്കി.

അഞ്ഞൂറോളം പോലീസുകാര്‍ക്കും സൈനികര്‍ക്കും പുറമെ നൂറോളം സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലിനായി രംഗത്തുണ്ട്. ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളിലും കൃഷിയിടങ്ങളിലും നടത്തുന്ന വിപുലമായ തിരച്ചിലിന് പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കളും രംഗത്തുണ്ട്. കുട്ടിയെ അവസാനമായി കണ്ടവരെയും പരിസരപ്രദേശത്തെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു.

തിരച്ചില്‍ നടത്തുന്ന പ്രദേശത്ത് ഹെലികോപ്റ്ററില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ എമിലിയുടെ അമ്മയുടെ ശബ്ദ സന്ദേശം ഉറക്കെ കേള്‍പ്പിക്കുന്നുണ്ട്. വിമാനാപകടത്തെ തുടര്‍ന്ന് ആമസോണ്‍ കാടുകളില്‍ അകപ്പെട്ട നാലു കുട്ടികളെ കണ്ടെത്താനും കൊളംബിയന്‍ സൈന്യം ഇതേ രീതി പരീക്ഷിച്ചിരുന്നു.

'ശനിയാഴ്ച്ച വൈകുന്നേരം കുടുംബം ഒരു ഔട്ടിങ്ങിന് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. കാറില്‍ കയറിയപ്പോഴാണ് കുട്ടി ഒപ്പമില്ലെന്ന് മുത്തശ്ശിയും മുത്തച്ഛനും മനസിലാക്കിയത്' - പ്രാദേശിക മേയര്‍ ഫ്രാങ്കോയിസ് ബാലിക് ഫ്രഞ്ച് ടിവിയോട് പറഞ്ഞു.

അന്നു രാത്രി മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കുഞ്ഞിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഗ്രാമത്തില്‍ ആകെയുള്ള 30 കെട്ടിടങ്ങളും പൊലീസ് പൂര്‍ണ്ണമായും പരിശോധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.