കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്.
ഈ പ്രദേശങ്ങളില്‍ ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അഞ്ച് കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നാല് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് വരും.
സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കോഴിക്കോട് ജില്ലയില്‍ ഒമ്പത് പേര്‍ക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്.
ഷിഗെല്ല രോഗ വ്യാപനത്തിന്റെ ഉറവിടം അറിയാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഡോ. എ.എല്‍.സച്ചിന്‍, ഡോ. നിഖില്‍ മേനോന്‍ എന്നിവര്‍ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി. കോര്‍പറേഷനും എന്‍എച്ച്എമ്മും ചേര്‍ന്ന് ഇന്നു രാവിലെ 10ന് കോട്ടാംപറമ്പില്‍ തുടര്‍ മെഡിക്കല്‍ ക്യാംപ് നടത്തും.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരുന്നു നല്‍കിയവരോട് ഇന്നത്തെ ക്യാംപില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.