മെൽബൺ: 2023 ജനുവരിയിൽ സർവീസ് ആരംഭിച്ച ഓസ്‌ട്രേലിയൻ എയർലൈൻ ബോൺസ അഞ്ച് റൂട്ടുകൾ ഒഴിവാക്കി. സ്ഥിരമായി യാത്രക്കാരില്ലാത്തതിനാലാണ് ചില പ്രാദേശിക സ്ഥലങ്ങളിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നതെന്ന് ജറ്റ് എയർലൈൻ ബോൺസ അറിയിച്ചു.
ഈ വർഷം ജനുവരിയിലാണ് ബോൺസ സർവീസ് ആരംഭിച്ചത്. സൺഷൈൻ കോസ്റ്റ് ബേസിൽ നിന്ന് പോർട്ട് മക്വാരി, കോഫ്സ് ഹാർബർ, ടാംവർത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ടൂവൂംബയിൽ നിന്ന് വിറ്റ്‌സണ്ടേയ്‌ലേയ്‌ക്കുള്ള വിമാനങ്ങളും കെയ്‌ൻസ് മക്കെയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയത്.
അതേ സമയം മെൽബൺ, ആൽബറി എന്നിവയുൾപ്പെടെയുള്ള കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്ക് അധിക വിമാനങ്ങൾ ആരംഭിക്കുമെന്ന് ഓഫീസർ മിസ് പോവി പറഞ്ഞു. കമ്പനി തീരുമാനം വളരെ ഗൗരവത്തോടെയാണ് എടുത്തത്. തങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുന്ന യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുന്നെന്നും മിസ് പോവി പറഞ്ഞു.
ഓഗസ്റ്റ് ഒന്നു മുതലാണ് റൂട്ടുകൾ വെട്ടിക്കുറയ്ക്കുക. നേരത്തെ സീറ്റ് ബുക്ക് ചെയ്തിട്ടുള്ളവരെ വിവരങ്ങൾ അറിയിക്കും. പൂർണ്ണമായ റീഫണ്ടോ അല്ലെങ്കിൽ ഇതര ഫ്ലൈറ്റോ നൽകും. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പ്രാദേശിക വിമാനക്കമ്പനിയായ റെക്‌സ് എയർലൈൻസ് 35 മില്യൺ ഡോളറിന്റെ നഷ്ടം പ്രവചിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.
777 പാർട്‌ണേഴ്‌സ് എന്ന യുഎസ് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ പിന്തുണയോടെയാണ് ബോൺസ പ്രവർത്തിക്കുന്നത്. ആഭ്യന്തര വിമാന വിപണിയിൽ നിലവിൽ സർവീസ് നടത്തുന്ന ക്വാണ്ടസ്, ജെറ്റ്സ്റ്റാർ, വിർജിൻ, റെക്‌സ് എന്നീ വമ്പൻ എയർലൈനുകളുമായാണ് ബോൺസ മത്സരിക്കാനിറങ്ങിയത്.
സിഡ്‌നി, മെൽബൺ, ബ്രിസ്ബൻ തുടങ്ങി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളെ ഒഴിവാക്കി പ്രാദേശിക മേഖലകളിലേക്കു സർവീസ് നടത്താനുള്ള ബോൺസയുടെ തീരുമാനം തിരിച്ചടി സൃഷ്ടിക്കുമെന്ന് പ്രഖ്യാപനത്തിനു മുന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 15 ആഭ്യന്തര വ്യോമയാന വിപണികളിൽ, കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈൻ ഇല്ലാത്തത് ഓസ്‌ട്രേലിയയ്ക്കു മാത്രമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.