ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ യമുന നദി കരകവിഞ്ഞതോടെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഹരിയാനയിലെ ഹാത്‌നികുണ്ട് ബാരേജില്‍ നിന്ന് വെള്ളം നദിയിലേയ്ക്ക് തുറന്നുവിടുന്നതിനാല്‍ ഇന്ന് രാവിലെ ഏഴോടെ യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി. അപകട സൂചികയ്ക്ക് മൂന്നു മീറ്റര്‍ ഉയരത്തിലാണ് നിലവിലെ ജലനിരപ്പ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്.
ഹരിയാനയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് മൂലമാണ് യമുന കരകവിഞ്ഞൊഴുകുന്നത്. ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. പകരം വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
'ഇപ്പോള്‍ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ഈ അടിയന്തര സാഹചര്യത്തില്‍ പരസ്പരം സഹായിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്നാണ് ബാരേജില്‍ വെള്ളം നിറയുന്നത്. സിവില്‍ ലൈന്‍സ് ഏരിയയിലെ റിംഗ് റോഡ് വെള്ളത്തിനടിയിലായതിനാല്‍ മജ്‌നു കാ തിലയെ കശ്മീരി ഗേറ്റുമായി ബന്ധിപ്പിക്കുന്ന ഐഎസ്ബിടി പാത അടച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനയുടെ അടുത്തുള്ള മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചിട്ടു. ഇത് തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെ ബാധിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍- സ്വകാര്യ മേഖലാ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പുയരുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ക്യാമ്പുകളിലേയ്ക്ക് മാറാന്‍ മുഖ്യമന്ത്രി അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്.
അതേസമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഹരിയാന ബാരേജില്‍ നിന്നുള്ള നീരൊഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.