ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഭീതി; ഹോളിവുഡ് സിനിമാ ലോകം പണിമുടക്കില്‍; ആറു പതിറ്റാണ്ടിനിടെ ആദ്യം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഭീതി; ഹോളിവുഡ് സിനിമാ ലോകം പണിമുടക്കില്‍; ആറു പതിറ്റാണ്ടിനിടെ ആദ്യം

ലോസ് ഏഞ്ചലസ്: ആറു പതിറ്റാണ്ടിനിടെ ആദ്യമായി ഹോളിവുഡിനെ സ്തംഭിപ്പിച്ച് എഴുത്തുകാരും അഭിനേതാക്കളും ഒരുമിച്ച് പണിമുടക്കില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഭീതിയും കലാകാരന്മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് സമരത്തിന് ആഹ്വാനം ചെയ്തത്. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്. 60 വര്‍ഷത്തിനിടെ ഹോളിവുഡിനെ പ്രതിസന്ധിയിലാക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്.

ഇന്ന് ഉച്ചയ്ക്ക് 12.30 (ഇന്ത്യന്‍ സമയം) മുതല്‍ ഷൂട്ടിങ്ങുകളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുമെല്ലാം ഒന്നരലക്ഷത്തോളം കലാകാരന്മാര്‍ വിട്ടുനില്‍ക്കും. പ്രതിഫല വര്‍ധന, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിന് പിന്നാലെയാണ് സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് സമരം പ്രഖ്യാപിച്ചത്. പിന്നാലെ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ഹൈമറിന്റെ ലണ്ടനില്‍ നടക്കുന്ന പ്രീമിയര്‍ ഷോ താരങ്ങളായ കിലിയന്‍ മര്‍ഫി, മാറ്റ് ഡാമണ്‍, എമിലി ബ്ലണ്ട് എന്നിവര്‍ ഉപേക്ഷിച്ചിരുന്നു.

അതേസമയം, തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) മികച്ച വേതനം ആവശ്യപ്പെട്ട് മെയ് രണ്ടു മുതല്‍ പണിമുടക്കിലാണ്.

പണിമുടക്കിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സിന്റെ കാലിഫോര്‍ണിയയിലെ ആസ്ഥാനം വെള്ളിയാഴ്ച വൈകിട്ട് ഉപരോധിക്കും. പണിമുടക്കിലേക്ക് കടക്കുന്നതോടെ അമേരിക്കയിലെ ബഹുഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിലയ്ക്കും. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യങ്ങള്‍ക്ക് പുറമെ കലാകാരന്മാരെ മാറ്റിനിര്‍ത്തി നിര്‍മിത ബുദ്ധിയുടെ സഹായം തേടരുതെന്ന ആവശ്യവും സംഘടന മുന്നോട്ട് വയ്ക്കുന്നു. കൂടത്തെ സെല്‍ഫ്-ടേപ്പ്ഡ് ഓഡിഷനുകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ഓഡിഷനുകള്‍ക്കായി സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുന്ന രീതിയാണ് സെല്‍ഫ്-ടേപ്പ്ഡ് ഓഡിഷന്‍.

സമരത്തെ സംബന്ധിച്ച് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍, അഭിനയം, പാട്ട്, നൃത്തം, ആക്ഷന്‍, മോഷന്‍ ക്യാപ്ചര്‍ കലാകാരന്‍മാര്‍ എന്നിവരെല്ലാം സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരം ആരംഭിക്കുന്നതോടെ നിര്‍മാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണം മുടങ്ങും. അഭിനേതാക്കള്‍ ലഭ്യമല്ലാത്തതിനാല്‍ ടിവി ഷോകളും വലിയ തോതില്‍ നിര്‍ത്തി വയ്ക്കേണ്ടി വരും. കൂടാതെ വരാനിരിക്കുന്നതുമായ ചിത്രങ്ങളുടെ പ്രൊമോഷനുകളിലും ഹോളിവുഡിലെ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കില്ല. തങ്ങളുടെ സഹപ്രവര്‍ത്തകരെക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന പതിനായിരക്കണക്കിന് അഭിനേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാര്‍ഡ്സിന്റെ തീയതി മാറ്റിയേക്കും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, നിരവധി അഭിനേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.