യൂറോപ്പിലേക്ക് അനധികൃതമായി ഈ വർഷം 11600 കുട്ടികൾ എത്തി; യാത്രക്കിടെ ബോട്ടുകൾ മറിഞ്ഞ് മരിച്ചത് 289 കുഞ്ഞുങ്ങൾ; കണക്കുമായി ഐക്യരാഷ്ട്ര സഭ

യൂറോപ്പിലേക്ക് അനധികൃതമായി ഈ വർഷം 11600 കുട്ടികൾ എത്തി; യാത്രക്കിടെ ബോട്ടുകൾ മറിഞ്ഞ് മരിച്ചത് 289 കുഞ്ഞുങ്ങൾ; കണക്കുമായി ഐക്യരാഷ്ട്ര സഭ

ജനീവ: മെഡിറ്ററേനിയൻ കടൽ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 2023 ന്റെ ആദ്യ പകുതിയിൽ 289 കുട്ടികൾ മരിച്ചതായി ഐക്യരാഷ്ട്രസഭ. 2022 ലെ ആദ്യ ആറ് മാസങ്ങളിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണ് ഈ കണക്ക്. യൂറോപ്പിൽ എത്തുന്നതിന് കുട്ടികൾക്ക് സുരക്ഷിതവും നിയമപരവുമായ മാർ​ഗങ്ങൾ വിപുലീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജൻസിയായ യുനിസെഫ് പറഞ്ഞു.

മധ്യ മെഡിറ്ററേനിയനിലെ പല കപ്പൽ അപകടങ്ങളിലും ഒരാൾ പോലും രക്ഷപ്പെടാറില്ല. ചില അപകടങ്ങൾ രേഖപ്പെടുത്തപ്പെടാതെയും പോകുന്നു. ഇതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് യുണിസെഫിന്റെ മൈഗ്രേഷൻ ആൻഡ് ഡിസ്പ്ലസ്മെന്റ് വിഭാഗം ആഗോള മേധാവി വെറീന ക്നാസ് പറഞ്ഞു.

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ ഇരട്ടിയായി. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 11600 കുട്ടികൾ യൂറോപ്പിലേക്ക് കടന്നതായി കണക്കാക്കുന്നു. 2022-ലെ ഇതേ കാലയളവിലേതിനേക്കാൾ ഏകദേശം ഇരട്ടിയാണിത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസം മധ്യ മെഡിറ്ററേനിയൻ റൂട്ട് വഴി യൂറോപ്പിലെത്തിയ കുട്ടികളുടെ 71 ശതമാനം, അതായത് 3,300 പേർ തനിച്ചാണ് സഞ്ചരിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ സംഖ്യയെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന ഗിനിയ, സെനഗൽ, ഗാംബിയ, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വടക്കേ ആഫ്രിക്കയിലെ ലിബിയയുടെയോ ടുണീഷ്യയുടെയോ തീരത്ത് എത്താൻ നിരവധി കുട്ടികൾ മാസങ്ങളായി യാത്ര ചെയ്യുകയാണ്. ലിബിയയിൽ നിന്നോ ടുണീഷ്യയിൽ നിന്നോ യൂറോപ്പിലേക്കുള്ള ബോട്ട് യാത്ര സാധാരണയായി 7,000 ഡോളർ ചെലവ് വരുന്നതാണ്
.
യാത്രമധ്യേ പീഡനം, മനുഷ്യക്കടത്ത്, അക്രമം, ചൂഷണം, ബലാത്സംഗം എന്നിവയ്‌ക്ക് കുട്ടികൾ വിധേയരാകാം. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൺകുട്ടികളെയാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.