മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വനിതാ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചു നടന്ന ലൈറ്റ് ഷോയ്ക്കിടെ ആകാശത്തുനിന്നു നൂറുകണക്കിന് ഡ്രോണുകള്‍ നദിയില്‍ പതിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഡ്രോണുകള്‍ ഒന്നിനു പിന്നാലെ ഒന്നായി നദിയില്‍ പതിച്ചത്.
വനിതാ ലോകകപ്പിന് നാലുദിനം ശേഷിക്കെ, കഴിഞ്ഞ ദിവസം മെല്‍ബണിലെ ഡോക്ക്ലാന്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനു മുന്‍പാണ് സംഭവം. ആതിഥേയരായ ഓസ്‌ട്രേലിയയും ഫ്രാന്‍സും തമ്മിലായിരുന്നു മത്സരം. മത്സരത്തിനു മുന്നോടിയായി നടന്ന ലൈറ്റ് ഷോയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ പിന്തുണച്ചുള്ള സന്ദേശങ്ങള്‍ ആകാശത്തു പ്രദര്‍ശിപ്പിക്കുകയായിരുന്നു ഡോണുകളുടെ ദൗത്യം. എന്നാല്‍ ലൈറ്റ് ഷോയ്ക്കിടെ സാങ്കേതിക തകരാറുണ്ടായി നൂറുകണക്കിന് ഡ്രോണുകള്‍ യാറ നദിയിലേക്കു പതിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഡ്രോണുകള്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മിന്നാമിന്നിക്കൂട്ടം പോലെ ആകാശത്തു നിലയുറപ്പിച്ച ഡ്രോണുകള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നദിയില്‍ വീണ ഡ്രോണുകള്‍ അഞ്ച് പ്രൊഫഷണല്‍ മുങ്ങല്‍ വിദഗ്ധര്‍ ചേര്‍ന്നാണ് വീണ്ടെടുത്തത്. നൂറുകണക്കിന് ഡ്രോണുകള്‍ ശേഖരിച്ച് ബോട്ടുകളില്‍ കൂട്ടിയിട്ട് കരയിലെത്തിച്ചു. തുടര്‍ന്ന് കാറുകളില്‍ അവ കൊണ്ടുപോയി.
നദിയില്‍ വീണ ഡ്രോണുകള്‍ വീണ്ടെടുത്ത് ബോട്ടില്‍ കൂട്ടിയിട്ടിരിക്കുന്നു
500 ഡ്രോണുകളാണ് ആകാശത്തേക്കു പറന്നുയര്‍ന്നതെന്നും അതില്‍ 350 എണ്ണം നദിയില്‍ പതിച്ചതായും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓസ്ട്രേലിയന്‍ ട്രാഫിക് നെറ്റ്വര്‍ക്ക് പറഞ്ഞു.
'തങ്ങള്‍ രാജ്യത്തുടനീളം നൂറുകണക്കിന് നൂറുകണക്കിന് ഷോകള്‍ നടത്തി. എന്നാല്‍ വെള്ളിയാഴ്ച സംഭവിച്ചതു പോലൊരു പിഴവ് ആദ്യമായിട്ടാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഡോണുകള്‍ വീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.