വെല്ലിങ്ടണ്‍: പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് ആധിപത്യം ന്യൂസിലന്‍ഡ് പോലുള്ള ചെറിയ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്. ചൈനയുടെ അവകാശ വാദങ്ങള്‍ മേഖലയെ കൂടുതല്‍ വിവാദപരവും പ്രവചനാതീതവും സുരക്ഷിതമല്ലാത്തതുമായി മാറ്റിയിരിക്കുകയാണ്. അതേസമയം, ചൈന ഒരു പ്രധാന വ്യാപാര പങ്കാളിയായതിനാല്‍ ആ രാജ്യമായുള്ള ബന്ധത്തിന് ശ്രദ്ധാപൂര്‍വ്വമായ മാനേജ്‌മെന്റ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്‌ലന്‍ഡില്‍ നടന്ന ചൈന ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഹിപ്കിന്‍സ്. കഴിഞ്ഞ മാസം ചൈനയുമായി വമ്പന്‍ വാണിജ്യ ഇടപാടുകള്‍ ലക്ഷ്യമിട്ട് ഹിപ്കിന്‍സ് ബീജിങ് സന്ദര്‍ശിച്ചിരുന്നു. അന്ന് ചൈനീസ് നേതാവ് ഷി ജിന്‍പിംഗുമായി ബീജിങ്ങില്‍ കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാത്തിന് ഹിപ്കിന്‍സ് ആഭ്യന്തരമായി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.
'പസഫിക് മേഖലയില്‍ ചൈന പിന്തുടരുന്ന നിലപാടുകള്‍, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര നിയമങ്ങളെ ആശ്രയിക്കുന്ന ന്യൂസിലന്‍ഡ് പോലുള്ള ചെറിയ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. അതിനാല്‍ ചൈനയുമായി ഇടപഴകുമ്പോള്‍ തന്നെ സഖ്യകക്ഷികളുമായി സഹകരിക്കുന്നതും പ്രധാനമാണ്' - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൂടുതല്‍ സങ്കീര്‍ണമായ ഈ ആഗോള പരിതസ്ഥിതിയില്‍, ചൈനയുമായുള്ള ബന്ധത്തിന് ശ്രദ്ധാപൂര്‍വ്വമായ മാനേജ്‌മെന്റ് ആവശ്യമായി വരുമെന്ന് പറഞ്ഞ ഹിപ്കിന്‍സ് തന്റെ രാജ്യം ചൈനയുമായുള്ള പങ്കാളിത്തം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായി ന്യൂസിലന്‍ഡ് ഓസ്ട്രേലിയ, മറ്റ് സഖ്യ കക്ഷികളായ കാനഡ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവയെക്കാളും ചൈനയോട് കൂടുതല്‍ അനുരഞ്ജന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ചൈന. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം, പസഫിക്കിലെ സൈനികവല്‍ക്കരണം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ന്യൂസിലാന്‍ഡ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അതേസമയം മുന്‍ ന്യൂസിലാന്‍ഡ് ഭരണാധികളേക്കാളും കൂടുതല്‍ മൃദുസമീപനമാണ് ഹിപ്കിന്‍സ് ചൈനയോട് സ്വീകരിച്ചിട്ടുള്ളത്.
ന്യൂസിലാന്‍ഡ് പോലുള്ള ഒരു ചെറിയ രാജ്യത്തിന് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പങ്കാളിത്തവും ഉള്‍ക്കൊള്ളലും കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നും ഹിപ്കിന്‍സ് പറഞ്ഞു.
ന്യൂസിലാന്‍ഡിന്റെ സമീപനം തങ്ങളുടെ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി യോജിപ്പിക്കും. അവരുമായി പൊതുവായ താല്‍പ്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്നതിനെ ആശ്ചര്യത്തോടെ കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.