സിഡ്നി: പച്ച മത്സ്യവും മഴവെള്ളവും മാത്രം ഭക്ഷണമാക്കി രണ്ടു മാസത്തോളം പസഫിക് സമദ്രത്തില്‍ സാഹസികമായി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ നാവികന്റെയും വളര്‍ത്തു നായയുടെയും അതിജീവന കഥ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. സിഡ്നി നിവാസിയായ ടിം ഷാഡോയും (51) അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് ഹോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന വിധത്തില്‍ ജീവിതത്തിലേക്കു മടങ്ങിയെത്തിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിം ഷാഡോക്കും ബെല്ലയും ഏപ്രിലിലാണ് മെക്സിക്കോയില്‍നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്ക് പോയത്. 6000 കിലോമീറ്റര്‍ നീണ്ട് നിന്ന യാത്രയ്ക്കിടെ ഉണ്ടായ കൊടുങ്കാറ്റില്‍ ഇവരുടെ ബോട്ട് തകര്‍ന്നു. തകര്‍ന്ന ബോട്ടിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് ദിക്കും ദിശയുമറിയാതെ രണ്ട് മാസത്തോളം കടലില്‍ അലഞ്ഞു.
കയ്യില്‍ കരുതിയിരുന്ന ഭക്ഷണം തീര്‍ന്നതോടെ കടലില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ തുടങ്ങി. പാകം ചെയ്യാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ മീന്‍ പച്ചയ്ക്ക് കഴിക്കാന്‍ തുടങ്ങി. കുടിക്കാന്‍ മഴവെള്ളത്തെ ആശ്രയിച്ചു.
ഒരു കപ്പലിനോടൊപ്പം ട്രോളിങ്ങിന് പോയ ഹെലികോപ്റ്ററാണ് ഒഴുകി നടക്കുന്ന ബോട്ടില്‍ നാവികനെയും ബെല്ലയെയും കണ്ടെത്തിയത്. അപ്പോഴേക്കും രണ്ടു മാസങ്ങള്‍ കഴിഞ്ഞു. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം മെക്സിക്കോ തീരത്തിന് സമീപത്തായിരുന്നു ടിം ഷാഡോയുടെ ബോട്ട്.
മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കപ്പലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടിം ഷാഡോയെ പരിശോധിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. ഷഡോക്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കണ്ടെത്തുമ്പോള്‍ വളരെ മെലിഞ്ഞ് ക്ഷീണിതനായി, താടി വളര്‍ന്ന് തിരിച്ചറിയാനാവാത്ത രൂപത്തില്‍ ആയിരുന്നു.
'കടലിലെ അതിജീവനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മത്സ്യബന്ധന ഉപകരണങ്ങളാണ് തന്നെ അതിജീവിക്കാന്‍ സഹായിച്ചത്. കനത്ത ചൂടില്‍ നിന്നും സൂര്യാതപം ഒഴിവാക്കാന്‍ ബോട്ടിന്റെ റൂഫിന് അടിയില്‍ അഭയം തേടി. കടലില്‍ കുറേ നാള്‍ ഒറ്റയ്ക്കായതിന്റെ പ്രശ്‌നങ്ങളുണ്ട്. നല്ല വിശ്രമവും ഭക്ഷണവും മാത്രമാണ് ആവശ്യം. അല്ലാത്തപക്ഷം താന്‍ തികച്ചും ആരോഗ്യവാനാണ്' - ടിം ഷാഡോ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.