യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ദുബായ്: സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ കൃത്യമായ മാർഗ്ഗനിർദ്ദേശം നല്‍കിയിട്ടുളള രാജ്യങ്ങളിലൊന്നാണ് യുഎഇ. അസഭ്യപ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുളള സമൂഹമാധ്യമ ഇടപെടലുകളും രാജ്യത്ത് പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

മതപരമായ ഉളളടക്കമുളള സമൂഹമാധ്യമപോസ്റ്റുകള്‍ക്കും കൃത്യമായ മാർഗ്ഗനിർദ്ദേശമുണ്ട്. ഇസ്ലാം ഉള്‍പ്പടെ ഒരു മതത്തെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പാടില്ല. ഇത്തരത്തിലുളള കുറ്റകൃത്യത്തിന് ഏഴ് വർഷം വരെ തടവും 250,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയും കിട്ടും.

മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കും ഹാനികരമായ ഏതെങ്കിലും ഉള്ളടക്കം പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിയമം അനുശാസിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 250,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.

സർക്കാർ വകുപ്പുകൾ, ഭരണകൂടചിഹ്നങ്ങൾ, യുഎഇയുടെയും മറ്റേതെങ്കിലും രാജ്യങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥകൾ എന്നിവയ്‌ക്കെതിരായ ഉള്ളടക്കമുളള പോസ്റ്റുകളും പാടില്ല. യുഎഇ സൈബർ ക്രൈം നിയമത്തിന്‍റെ ആർട്ടിക്കിൾ 20 മുതൽ ആർട്ടിക്കിൾ 28 വരെയുള്ള വ്യവസ്ഥകൾ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളും ഗൗരവമുളളതാണ്. കൂടാതെ, യുഎഇയിലെ പൊതുമേഖലാ ജീവനക്കാരെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്നതും കുറ്റമായി കണക്കാക്കപ്പെടുന്നു.

വ്യക്തികളെ പരാമർശിക്കുക, അനുവാദമില്ലാതെ വീഡിയോയോ ഫോട്ടോയോ പങ്കിടുക, ആധികാരിക ഉറവിടങ്ങളില്‍ നിന്നല്ലാതെയുളള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, തുടങ്ങിയവയും നിയമവിരുദ്ധമായ പ്രവർത്തികളാണ്. മറ്റൊരാളുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് യുഎഇ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം കുറഞ്ഞത് ആറ് മാസത്തെ തടവും 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിച്ചേക്കാം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യ സ്വഭാവമുളള വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് നാഷണൽ മീഡിയ കൗൺസിലിൽ നിന്നോ യു എ ഇയിലെ ഉചിതമായ റെഗുലേറ്ററി ബോഡിയിൽ നിന്നോ സോഷ്യല്‍ മീഡിയാ ലൈസൻസ് നേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.