ബാഗ്ദാദ്: ഇറാഖിലെ കല്‍ദായ സഭയുടെ തലവനായി പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോയെ അംഗീകരിച്ച ഉത്തരവ് പിന്‍വലിച്ച് ഇറാഖ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് റഷീദ്. ഇതേതുടര്‍ന്ന് ബാഗ്ദാദിലെ തന്റെ ആസ്ഥാനം മാറ്റുന്നതായി കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോ പ്രഖ്യാപിച്ചു. ഇറാഖിലെ സ്വയംഭരണപ്രദേശമായ കുര്‍ദിസ്ഥാനിലെ ഒരു ആശ്രമത്തില്‍ താന്‍ താമസം തുടങ്ങുമെന്നും അവിടെ കല്‍ദായ സഭയെ തുടര്‍ന്നും നയിക്കുമെന്നും കര്‍ദിനാള്‍ സാക്കോ പറഞ്ഞു.
സമീപകാലത്തായി ക്രൈസ്തവര്‍ക്കെതിരേ അക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് പുതിയ നടപടി.
അടുത്തിടെയാണ് ഇറാഖ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, കര്‍ദിനാള്‍ വഹിക്കുന്ന പദവിയുടെ അംഗീകാരം അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ മുന്‍ഗാമിയായ അന്തരിച്ച ജലാല്‍ തലബാനി ഒപ്പിട്ട 2013 ലെ ഉത്തരവാണ് ഇറാഖ് പ്രസിഡന്റ് റദ്ദാക്കിയത്.
ഷിയാ വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ക്രിസ്ത്യന്‍ നേതാവായ റയാന്‍ ദി കല്‍ദിയനുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് അഭ്യൂഹമുള്ളതായി ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 15-ന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, കര്‍ദിനാള്‍ സാക്കോ പ്രസിഡന്റിന്റെ നടപടിയെ അന്യായം എന്നാണ് വിശേഷിപ്പിച്ചത്. 'ഇറാഖില്‍ ജീവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സ്വാര്‍ഥ താല്‍പര്യങ്ങളുടെയും ഇടുങ്ങിയ വിഭാഗീയതയുടെയും കാപട്യത്തിന്റെയും രാഷ്ട്രീയ-ദേശീയ-ധാര്‍മ്മിക അരാജകത്വത്തിനു നടുവിലാണ് ക്രൈസ്തവര്‍. അത് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വേരൂന്നിയിരിക്കുന്നു. അതിനാല്‍, ബാഗ്ദാദിലെ ആസ്ഥാനത്തുനിന്ന് ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു' - കര്‍ദിനാള്‍ സാക്കോ വ്യക്തമാക്കി.
'ക്രിസ്ത്യാനികളുടെയും സഭയുടെയും കൈവശമുള്ള സ്വത്തുക്കളുടെ നിയന്ത്രണം ചിലര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു' - കല്‍ദായ സഭയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ ഏകദേശം 3,00,000 കല്‍ദിയന്‍ കത്തോലിക്കരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടനുസരിച്ച്, അവര്‍ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ 80 ശതമാനം വരും. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമങ്ങള്‍ മൂലം നിരവധി കല്‍ദായ ക്രൈസ്തവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.