വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്താല്‍ തകര്‍ന്ന ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ, ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മത്തിയോ സുപ്പി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരത്തോടെ വൈറ്റ് ഹൗസില്‍ എത്തിയ കര്‍ദിനാള്‍ സുപ്പിയെയും പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങളെയും സ്വീകരിച്ച ശേഷം നടന്ന കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറോളം നീണ്ടു. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള മാര്‍പ്പാപ്പയുടെ കത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു കര്‍ദിനാള്‍ സുപ്പി കൈമാറി.
റഷ്യയിലേക്ക് നിര്‍ബന്ധിതമായി കൊണ്ടുപോയ ഉക്രെയ്ന്‍ കുട്ടികളെ തിരികെ നാട്ടിലേക്കു കൊണ്ടുവരാനുള്ള സഹായം അഭ്യര്‍ഥിക്കുകയായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തെതുടര്‍ന്ന് 19,000 ഉക്രെയ്ന്‍ കുട്ടികളെ റഷ്യയിലേക്ക് നിര്‍ബന്ധിതമായി കടത്തിക്കൊണ്ടു പോയതായി ഉക്രെയ്ന്‍ സര്‍ക്കാര്‍ പറയുന്നു.
യുദ്ധം പൂര്‍ണമായി തകര്‍ത്ത ഉക്രെയ്‌നില്‍ വത്തിക്കാന്‍ നടത്തുന്ന മാനുഷിക സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി സുപ്പി നടത്തിയ അഭിമുഖത്തിന്റെയും കീവ് സന്ദര്‍ശനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കന്‍ സര്‍ക്കാര്‍ ഇറക്കിയ പത്ര കുറിപ്പില്‍ ഫ്രാന്‍സിസ് പാപ്പായുടെ ശുശ്രൂഷയ്ക്കും, സമാധാന ശ്രമങ്ങള്‍ക്കും പ്രത്യേകമായ നന്ദി പ്രകടിപ്പിക്കുന്നതായും, അടുത്തിടെ ഒരു അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പിനെ കൂടി പുതിയതായി കര്‍ദിനാളായി നിയമിച്ചതിലുള്ള സന്തോഷം അറിയിക്കുന്നതായും വ്യക്തമാക്കി.
'രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ച, വളരെ സൗഹാര്‍ദപരമായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സമാധാനത്തിന്റെ പാത പിന്തുടരാനും മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയും അമേരിക്ക ഉറപ്പുനല്‍കി - കര്‍ദിനാള്‍ വ്യക്തമാക്കി.
ഉക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കിയ യു.എസിന്റെ നടപടിയില്‍ യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ആശങ്ക പ്രകടിപ്പിച്ചു,
ക്ലസ്റ്റര്‍ ബോംബുകള്‍ വിമാനത്തില്‍ നിന്നോ കടലില്‍ നിന്നോ വിക്ഷേപിക്കാനാവുന്ന ബോംബുകളാണ്, പതിനായിരക്കണക്കിന് ചെറു ബോംബുകള്‍ ഓരോ ക്ലസ്റ്റര്‍ ബോംബിലും അടങ്ങിയിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പത്തിലുള്ള ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. വത്തിക്കാന്‍ ഉള്‍പ്പെടെ 120ലധികം രാജ്യങ്ങള്‍ ഈ ആയുധം നിരോധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.