'വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ്'; മണിപ്പൂരില്‍ അക്രമത്തിന് ഇരയായ യുവതി

'വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ്'; മണിപ്പൂരില്‍ അക്രമത്തിന് ഇരയായ യുവതി

ഇംഫാല്‍: കൂട്ട ബലാത്സംഗം ചെയ്യാനായി തങ്ങളെ അക്രമികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് പൊലീസ് ആണെന്ന് മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായ യുവതി. തങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് തങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. ഗ്രാമത്തില്‍ നിന്ന് കുറച്ചുദൂരെ എത്തിയപ്പോള്‍ ജനക്കൂട്ടത്തിന് നടുവില്‍ ഉപേക്ഷിച്ചു. പൊലീസ് തങ്ങളെ അവര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് ഇരുപതുകാരി പറഞ്ഞു.

ഗ്രാമത്തിലുള്ള എല്ലാ പുരുഷന്‍മാരെയും അക്രമികള്‍ കൊന്നുകളഞ്ഞു. അതിന് ശേഷമാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും യുവതി പറഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയതും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതും താന്‍ അറിഞ്ഞില്ലെന്നും യുവതി വ്യക്തമാക്കി. ആള്‍ക്കൂട്ടത്തില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഇതില്‍ ചിലരെ മാത്രമാണ് തനിക്ക് തിരിച്ചറിയാന്‍ സാധിക്കുക. തന്റെ സഹോദരന്റെ സുഹൃത്തും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളാണ് ക്രൂര ആക്രമണത്തിന് വിധേയരായത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്പോക്പി ജില്ലയില്‍ മെയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വീഡിയോ പുറത്തുവിട്ടത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തേയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത് എന്നാണ് ഐടിഎല്‍എഫ് ആരോപിക്കുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.