മതഗ്രന്ഥം കത്തിച്ച സംഭവം: ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകര്‍ത്ത് തീയിട്ട് അക്രമികള്‍

മതഗ്രന്ഥം കത്തിച്ച സംഭവം: ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകര്‍ത്ത് തീയിട്ട് അക്രമികള്‍

ബാഗ്ദാദ്: സ്വീഡനില്‍ ഇസ്ലാം മതഗ്രന്ഥം കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാഖിലെ ബാഗ്ദാദില്‍ സ്വീഡിഷ് എംബസിക്കു നേരെ ആക്രമണം. നൂറിലേറെ അക്രമികള്‍ എംബസിക്കുള്ളിലേക്ക് ഇരച്ചുകയറി കെട്ടിടം അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഇതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘമാളുകള്‍ എംബസിയിലേക്ക് ഇരച്ചെത്തുകയും ചില ഭാഗങ്ങള്‍ തീവെക്കുകയും ചെയ്തത്. എംബസിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര ദൗത്യങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നും സ്വീഡന്‍ വ്യക്തമാക്കി.

കറുത്ത വസ്ത്രം ധരിച്ച് കൊടികളും പോസ്റ്ററുകളും പിടിച്ച് നില്‍ക്കുന്ന ആളുകളെ വീഡിയോയില്‍ കാണാം. പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. സ്വീഡിഷ് എംബസിയുടെ ഭാഗങ്ങള്‍ കത്തി നശിക്കുന്നതും വീഡിയോയില്‍ കാണാനാകും. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാഖി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇലക്ട്രിക് ബാറ്റണ്‍ ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ നീക്കി. നിരവധി പേരെ അറസ്റ്റ് ചെയ്തു.

എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് ഇറാഖ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിയ പണ്ഡിതന്‍ മുഖ്താദ അല്‍ സദറിന്റെ അനുയായികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. മതഗ്രന്ഥം കത്തിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ മുസ്ലിം പള്ളിക്കു മുന്നിലാണ് ഇറാഖ് വംശജന്‍ മതഗ്രന്ഥം കത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.