തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രധാന നേതാക്കളെ നാളെയും മറ്റന്നാളുമായി ഒറ്റയ്ക്ക് കാണുന്ന താരീഖ് അന്‍വര്‍ പാര്‍ട്ടി പുനസംഘടന ഉള്‍പ്പടെ ചര്‍ച്ച ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കെപിസിസി നേതൃത്വത്തില്‍ വലിയൊരു അഴിച്ചുപണി നടത്തേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് തീരുമാനം. എന്നാല്‍ ഡിസിസി തലത്തില്‍ പുനസംഘടനയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പാക്കുക എന്നതിനാണ് ഹൈക്കമാന്റ് മുഖ്യ പരിഗണന നല്‍കുന്നത്.
ഇതിനായി തെരഞ്ഞെചുപ്പ് പ്രചരണ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി, കെ.മുരളീധരന്‍, കെ.സുധാകരന്‍ എന്നിവരുടെ പേരുകള്‍ ഹൈക്കമാന്റ് പരിഗണിച്ചു വരികയാണ്. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ മറിഞ്ഞതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണകരമായതെന്ന വിലയിരുത്തലില്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രചരണ ചുമതല നല്‍കാനാണ് കൂടുതല്‍ സാധ്യത.
നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അത് കനത്ത ക്ഷീണമാകും. അഞ്ച് കോര്‍പ്പറേഷനുകളിലും 11 ജില്ലാ പഞ്ചായത്തുകളിലും 42 മുനിസിപ്പാലിറ്റിയിലും 108 ബ്ലോക്ക് പഞ്ചായത്തുകളിലും 514 ഗ്രാമ പഞ്ചായത്തുകളിലുമാണ് എല്‍ഡിഎഫ് ഭരണം നോടിയത്. നിയമസഭ സീറ്റുകളുടെ കണക്കെടുക്കുകയാണെങ്കില്‍ 90 നിയമസഭാ സീറ്റുകളില്‍ കൂടുതലാണ് ഇടത് പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. മധ്യകേരളത്തിലായിരുന്നു യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടത്.
നേതാക്കള്‍ തമ്മിലുള്ള ഐക്യമില്ലായ്മയും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി ഹൈക്കമാന്റ് വിലയിരുത്തുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നത്.
താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവര്‍ക്കെതിരെ നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കാനിടയുണ്ട്. ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെയും ഇതിനകം പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പല ജില്ലാ അധ്യക്ഷന്‍മാരേയും മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിക്കും.
രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും എംഎല്‍എമാരും എംപിമാരുമായി ഒറ്റക്കൊറ്റക്കാണ് താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. എഐസിസിയുടെ മൂന്ന് സെക്രട്ടറിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.