വാഷിംഗ്ടൺ ഡിസി: ക്ലസ്റ്റർ ബോംബുകൾ റക്ഷ്യൻ സൈന്യത്തിനു നേരെ യുക്രെയ്ൻ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ച് അമേരിക്ക. യുക്രെയ്ൻ ബോംബുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ശത്രുക്കൾക്കു നേരെ മാത്രമേ ബോംബുകൾ ഉപയോഗിക്കാവൂ എന്ന് യുക്രെയ്ന് നിർദേശം നൽകിയിട്ടുണ്ട്. അവർ അവ ഉചിതമായി ഉപയോഗിക്കുന്നു. റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ അവ സഹായിക്കുന്നുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന പ്രത്യാക്രമണത്തിനിടെ വെടിമരുന്ന് തീർന്നുവെന്ന് യുക്രെയ്ൻ അറിയിച്ചതിനെത്തുടർന്നാണ് ക്ലസ്റ്റർ ബോംബുകൾ നൽകാൻ തീരുമാനിച്ചത്. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികൾ അടക്കം നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) മേധാവിയും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു. 80 കോടി ഡോളറിന്റെ സൈനികസഹായ പദ്ധതിയുടെ ഭാഗമായാണു ക്ലസ്റ്റർ ബോംബുകൾ നൽകുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചശേഷം ഇതുവരെ യുക്രെയ്നിന് യുഎസ് നൽകിയ സൈനികസഹായം 4,000 കോടി ഡോളർ വരും.
ചെറു ബോംബുകളായി പലവട്ടം പൊട്ടിച്ചിതറുന്ന ക്ലസ്റ്റർ ബോംബുകൾ വ്യാപക ആൾ നാശമുണ്ടാക്കുന്നതാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകൾ യുദ്ധശേഷവും മാരകഭീഷണിയാണ്. ഇവയുടെ നിർമാണവും ഉപയോഗവും വിൽപനയും നൂറിലേറെ രാജ്യങ്ങൾ നിരോധിച്ചതാണ്.
റഷ്യ കൈവശമാക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കുംവരെ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാക്കാത്തവിധം ശ്രദ്ധാപൂർവമായിരിക്കുമതെന്ന് യുക്രെയ്ൻ ഉറപ്പുതന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. അതേ മയം റഷ്യ യുക്രെയ്നിൽ ക്ലസ്റ്റർ ബോംബുകൾ പലവട്ടം പ്രയോഗിച്ചതായി ആക്ഷേപമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.